India
രാഷ്ട്രീയത്തിൽ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ എതിർക്കും; രാമക്ഷേത്ര വിവാദത്തിൽ സിദ്ധരാമയ്യ
India

'രാഷ്ട്രീയത്തിൽ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ എതിർക്കും'; രാമക്ഷേത്ര വിവാദത്തിൽ സിദ്ധരാമയ്യ

Web Desk
|
11 Jan 2024 12:38 PM GMT

''മതത്തിന്റെ പേരിലുള്ള അന്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ജാതീയതയെയും തൊട്ടുകൂടായ്മയെയുമെല്ലാം ഞങ്ങൾ അപലപിക്കുന്നുണ്ട്. കോൺഗ്രസ് ഹിന്ദുമതത്തിന് എതിരല്ല''

ബംഗളൂരു: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം ഹിന്ദുക്കളെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ എന്തു നഷ്ടമുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ കോൺഗ്രസ് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രത്തിൽ ശൈവന്മാർക്ക് അധികാരമില്ലെന്ന ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പരാമർശത്തെയും സിദ്ധരാമയ്യ പ്രസ്താവനയിൽ വിമർശിച്ചു.

''രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും അധിർ രഞ്ജൻ ചൗധരിയുടെയും തീരുമാനം ശരിയാണ്. അതിനെ ഞാൻ പിന്താങ്ങുന്നു. പ്രധാനമന്ത്രി മോദിയും സംഘ്പരിവാറും ഒരു മതചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്''-സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

''മത, ജാതി, വംശ പരിമിതികളൊന്നുമില്ലാതെ, എല്ലാവരെയും പങ്കെടുപ്പിച്ചു നടക്കേണ്ട പരിപാടിയാണിത്. ഇതിലൂടെ ശ്രീരാമനെയും 140 കോടി ജനങ്ങളെയുമാണ് അവർ അപമാനിച്ചിരിക്കുന്നത്. ഇതിനെ ഒരു രാഷ്ട്രീയ പ്രചാരണമാക്കി ചുരുക്കിയത് ഹിന്ദുക്കളോടുള്ള ചതിയാണ്. ഹിന്ദു മതത്തെയും സംസ്‌കാരത്തെയും ആചാരങ്ങളെയും കുറിച്ച് ക്ലാസെടുക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ പണിപൂർത്തിയാകാത്തൊരു ക്ഷേത്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.

വിവാദങ്ങൾ ആരംഭിച്ച ദിനം തൊട്ട് രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചത് ഉറച്ച നിലപാടാണ്. അധികാരത്തിൽ 10 വർഷം പൂർത്തിയാക്കുന്ന മോദിക്ക് ഭരണനേട്ടങ്ങളുമായി ജനങ്ങൾക്കു മുന്നിലിറങ്ങാനുള്ള ആത്മവിശ്വാസമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് സ്വന്തം പരാജയങ്ങകൾ മറച്ചുവച്ച്, അപൂർണമായ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് ഹിന്ദു തരംഗം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്.''

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പ്രസ്താവന ശരിയാണെങ്കിൽ അത് ശൈവ വിശ്വാസികളോടുള്ള അവഹേളനമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ നാല് ശങ്കരാചാര്യ പീഠങ്ങൾ രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാമക്ഷേത്രത്തെ രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗപ്പെടുത്തുന്നതാണ് അതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഹിന്ദുമതത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുകൂടായ്മയെയും ജാതീയതയെയും മതത്തിന്റെ പേരിലുള്ള അന്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയുമെല്ലാം ഞങ്ങൾ അപലപിക്കുന്നുണ്ട്. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിക്കലർത്തുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. രാഷ്ട്രീയത്തിൽ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വ്യാജ ഹിന്ദുത്വത്തെ കോൺഗ്രസ് എതിർക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Summary: ''We will oppose the fake Hindutva of the BJP and the Sangh Parivar and we won’t bother about setbacks in politics'': Says Karnataka CM Siddaramaiah

Similar Posts