കോൺഗ്രസ് വെറും 20 സീറ്റിൽ ഒതുങ്ങും, മികച്ച ഭൂരിപക്ഷത്തോടെ ബിആർഎസ് അധികാരത്തിലേറുമെന്ന് കെ ചന്ദ്രശേഖർ റാവു
|കോൺഗ്രസിൽ ഒരു ഡസൻ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്നും കെസിആർ പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളെക്കാൾ മികച്ച ഭൂരിപക്ഷത്തോടെ തങ്ങളുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. ആകെയുള്ള 119 സീറ്റിൽ 20ൽ താഴെ സീറ്റ് മാത്രമേ കോൺഗ്രസിന് ലഭിക്കൂവെന്നും കെസിആർ പറഞ്ഞു.
മധീരയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം. കോൺഗ്രസിൽ ഒരു ഡസൻ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്നും കെസിആർ പരിഹസിച്ചു.
"കോൺഗ്രസ് ജയിക്കാൻ പോകുന്നില്ല, ഞാൻ ഉറപ്പിച്ചുപറയുന്നു. ഇരുപതോ അതിൽ താഴെയോ സീറ്റുകൾ മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. എന്റെ 70ആമത് മണ്ഡല പര്യടനത്തിനായാണ് മധീരയിൽ എത്തിയിരിക്കുന്നത്. ഇനിയും 30 മണ്ഡലങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. ഞാൻ 30 മണ്ഡലങ്ങളിൽ കൂടി പര്യടനം നടത്തി കഴിഞ്ഞാൽ കോൺഗ്രസ് കൂടുതൽ പരാജയപ്പെടും. ഓരോ മണ്ഡലങ്ങൾ ഞാൻ സന്ദർശിക്കുമ്പോഴും കോൺഗ്രസ് ഓരോ സീറ്റിൽ തൊട്ടുകൊണ്ടിരിക്കുകയാണ്": കെസിആർ പറഞ്ഞു.
ബിആർഎസ് സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ ചരിത്രമെന്ന് ആരോപിച്ച് അദ്ദേഹം കോൺഗ്രസിനെ കടന്നാക്രമിച്ചു. 2014-ൽ തെലങ്കാന രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശ് ഭരിച്ചിരുന്ന കോൺഗ്രസിന് കുടിവെള്ളവും ജലസേചനവും അടക്കം മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്ന് കെസിആർ വിമർശിച്ചു. ഇതിന് വിരുദ്ധമായി, 2014 മുതൽ ബിആർഎസ് ഭരണകാലത്ത്, പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള തെലങ്കാന ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിആർഎസ് സർക്കാരിന്റെ ദലിത് ബന്ധു പോലുള്ള ഒരു ക്ഷേമപദ്ധതി സ്വാതന്ത്ര്യത്തിനു ശേഷം ഉടൻ നടപ്പാക്കിയിരുന്നെങ്കിൽ ദലിതർ ദരിദ്രരായി തുടരുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു