സച്ചിൻ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിക്കുമോ?; നിർണായക തീരുമാനം ഇന്ന്
|പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികദിനമായ ഇന്ന് സച്ചിൻ തന്റെ ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജയ്പൂർ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആശങ്കയിൽ കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്നാണ് കോൺഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. അതേസമയം സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസ് തള്ളി. സച്ചിൻ പൈലറ്റുമായുള്ള തർക്കം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹ്‌ലോട്ട് അറിയിച്ചു.
മെയ് 29-ന് കോൺഗ്രസ് ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിനെയും ഗെഹ്‌ലോട്ടിനെയും ഒരുമിച്ചിരുത്തി പ്രശ്‌നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിച്ചിരുന്നു. അന്ന് സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. താൻ ഉന്നയിച്ച ആവശ്യങ്ങളിൽ മാറ്റമില്ലെന്നായിരുന്നു പിന്നീട് സച്ചിൻ പൈലറ്റിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളയി മാധ്യമങ്ങളോട് പ്രതികരിക്കാൻ സച്ചിൻ തയാറായിട്ടില്ല. തന്റെ പുതിയ നീക്കത്തെക്കുറിച്ച് ആകാംക്ഷ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന.
അതേസമയം പുതിയ രാഷ്ട്രീയ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന റിപ്പോർട്ടുകൾ സച്ചിൻ പക്ഷം നിഷേധിച്ചു. ഈ വർഷം പ്രത്യേകമായി ഒന്നും സംഭവിക്കില്ലെന്ന് സച്ചിൻ പക്ഷക്കാരനും മന്ത്രിയുമായ മുരരിലാൽ മീണ പറഞ്ഞു. എല്ലാവർഷവും രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാറുണ്ട്. ഏകദേശം 3000-4000 ആളുകൾ പങ്കെടുക്കും. ഇത്തവണ ഗുർജാർ ഹോസ്റ്റലിൽ രാജേഷ് പൈലറ്റിന്റെ പ്രതിമ സ്ഥാപിക്കും. ഇതൊരു ശക്തിപ്രകടനല്ല, വെറും 500 ക്ഷണക്കത്തുകൾ മാത്രമാണ് തങ്ങൾ അടിച്ചതെന്നും അദ്ദേഹം പറഞ്ഞു.