സവർക്കറുടെ പേരിൽ ശിവസേന ഉദ്ദവ് വിഭാഗവും കോൺഗ്രസും തമ്മിൽ തെറ്റുമോ? പത്ത് കാര്യങ്ങൾ...
|ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ വിഷയം ഉയർന്നുവന്നത്
മുംബൈ: മഹാവികാസ് അഗാഡിയിൽ എൻസിപിക്കൊപ്പം കക്ഷികളായ കോൺഗ്രസും ശിവസേന ഉദ്ദവ് ബാൽ താക്കറെ വിഭാഗവും തമ്മിൽ തെറ്റുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ വിഷയം ഉയർന്നുവന്നത്. ഇക്കാര്യത്തിലെ പ്രധാന വിവരങ്ങൾ നോക്കാം.
- 'ഞങ്ങൾ മഹാവികാസ് അഗാഡിയി (എം.വി.എ)ൽ തുടർന്നേക്കില്ലെന്ന് ഇന്ന് കാലത്ത് സഞ്ജയ് റാവത്ത് പറഞ്ഞു. ഉദ്ദവ്ജി ഇത് സംബന്ധിച്ച പ്രസ്താവന നടത്തും, ഇത് പാർട്ടിയുടെ ഗൗരവതരമായ നിരീക്ഷണമാണ്, ഇതിലേറെ എന്തുവേണം?' ശിവസേനാ എംപി അരവിന്ദ് സാവന്ത് ചോദിച്ചു
- സഖ്യം തുടരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജമ്മുകശ്മീരിൽ പി.ഡി.പിയുമായി ബിജെപി സഖ്യം ചേർന്നതിനെ ചൂണ്ടിക്കാട്ടി അരവിന്ദ് പ്രതിരോധിച്ചു.
- 'സവർക്കറുടെ വിഷയം ഞങ്ങൾക്ക് വളരെ പ്രധാനമാണ്, അദ്ദേഹത്തിന്റെ ആശയങ്ങളിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അവർ -കോൺഗ്രസ്- ഈ വിഷയം ഉയർത്തിക്കൊണ്ടുവരരുതായിരുന്നു' ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
- 2019ലെ മഹാരാഷ്ട്രാ സംസ്ഥാന തെരഞ്ഞെടുപ്പിലാണ് ശിവസേന, കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് മഹാവികാസ് അഗാഡി രൂപവത്കരിച്ചത്.
- മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘകാല പങ്കാളിയായ ബിജെപിയോട് പിണങ്ങിയായിരുന്നു എംവിഎ രൂപവത്കരണം.
- ബിജെപിയെ പുറത്തുനിർത്താനും രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായ -സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈ ഉൾക്കൊള്ളുന്ന- മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കാനുമായി ആശയപരമായ വൈരുധ്യമുണ്ടായിട്ടും എം.വി.എയിൽ തുടരുകയായിരുന്നു ശിവസേന.
- എം.വി.എയിൽ തുടരുന്നതായിരുന്നു ശിവസേനയിൽ ഏക്‌നാഥ് ഷിൻഡെ ഉയർത്തിവിട്ട വിമത കലാപത്തിന്റെ അടിസ്ഥാനം. ഏറ്റവുമൊടുവിൽ നിരവധി ശിവസേനാ എംഎൽഎമാരുമായി അദ്ദേഹം ബിജെപി പാളയത്തിലെത്തുകയും മുഖ്യമന്ത്രിയാകുകയും ചെയ്തിരിക്കുകയാണ്. ബാലാസാഹിബാഞ്ചി ശിവസേനാ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരിക്കുകയാണ് ഇദ്ദേഹം.
- ബ്രിട്ടീഷ് ജയിലിൽ കഴിയവേ, അവരുടെ ദയ തേടി വി.ഡി സവർക്കർ അയച്ച കത്ത് രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്നതാണ് ശിവസേനയുടെയും ബിജെപിയടക്കമുള്ള ഹിന്ദുത്വ കക്ഷികളുടെ എതിർപ്പിനിടയാക്കിയത്. 'ഞാൻ നിങ്ങളുടെ വിനീത ദാസനായിരിക്കാൻ യാചിക്കുന്നുവെന്ന' പരാമർശമടക്കം കത്തിലുണ്ടായിരുന്നു.
- കോൺഗ്രസിന്റെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ എന്നിവരുമായി താരതമ്യം ചെയ്തുകൊണ്ട് സവർക്കർ ഒരു ഭീരുവായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
- പിതാവ് ബാൽതാക്കറെയുടെ ഹിന്ദുത്വ പാരമ്പര്യം ഒഴിവാക്കിയെന്ന വിമർശനത്തെ പ്രതിരോധിക്കാൻ കൂടിയാണ് ഉദ്ദവ് താക്കറെ 'സവർക്കറോട് അതിയായ ബഹുമാനമുണ്ടെ'ന്ന് പറയുന്നത്.
വി.ഡി സവർക്കർക്കെതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്
വി.ഡി സവർക്കർക്കെതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ പക്ഷം നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ മാപ്പപേക്ഷ രാഹുൽ വാർത്താ സമ്മേളനത്തിൽ വായിച്ചിരുന്നു. മഹാത്മാ ഗാന്ധി ഉൾപ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ സവർക്കർ ചതിച്ചെന്നും രാഹുൽ ഇന്നലെ പറഞ്ഞു. ഇതിനെതിരെ ബാലാസാഹിബാഞ്ചി ശിവസേന നേതാവ് വന്ദന ഡോങ്‌ഗ്രെയാണ് താനെ നഗർ പൊലീസിൽ പരാതി നൽകിയത്. വി.ഡി സവർക്കറെ വിവാദ പ്രസ്താവനയിലൂടെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാരോപിച്ചാണ് വന്ദന പരാതി നൽകിയത്. ഇവരുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,501 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. രാഹുൽ ഗാന്ധിയുടെ ഇതേ പ്രസ്താവനയ്ക്ക് എതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കറും പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് ഇൻഡോറിലെ സിറ്റി സ്‌റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്‌ഫോടമുണ്ടാകുമെന്ന് അജ്ഞാത കത്ത് പുറത്തുവന്നു. നവംബർ 28ന് രാഹുലും സംഘവും സ്‌റ്റേഡിയത്തിൽ തങ്ങിയാൽ സ്‌ഫോടനമുണ്ടാകുമെന്നാണ് നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് ലഭിച്ച കത്തിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഭീഷണിയാണെന്നാണ് പൊലീസ് കരുതുന്നത്.
'നഗരത്തിലെ ജൂനി പ്രദേശത്തുള്ള മധുര പലഹാര കടയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് കത്ത് കിട്ടിയത്. ഭാരത് ജോഡോ യാത്ര സംഘം ഖൽസ സ്‌റ്റേഡിയത്തിൽ തങ്ങിയാൽ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്താമെന്നാണ് കത്തിലുണ്ടായിരുന്നത്' വാർത്താ ഏജൻസിയായ പി.ടി.ഐയോട് ഇൻഡോർ കമ്മീഷ്ണർ എച്ച്.സി മിശ്ര പറഞ്ഞു. കത്തിൽ രാഹുലിനെ നേരിട്ട് ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 507 (അജ്ഞാത വ്യക്തിയുടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് സെക്രട്ടറി നിലാബ് ശുക്ല അന്വേഷണം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ മഹാത്മാ ഗാന്ധിയുടെ മകന്റെ ചെറുമകൻ
അതിനിടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ മഹാത്മാ ഗാന്ധിയുടെ മകന്റെ ചെറുമകൻ തുഷാർ ഗാന്ധിയും ഭാഗമായി. മഹാരാഷ്ട്ര ഷെഗാവിലെ ബുൽധാന ജില്ലയിൽ വെച്ചാണ് ഇന്ന് രാവിലെ രാഹുലിനൊപ്പം നടക്കാൻ തുഷാർ ഗാന്ധിയെത്തിയത്. 'ചരിത്രപരമെന്നാ'ണ് തുഷാർ ഗാന്ധിയുടെ പങ്കാളിത്തത്തെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത്.
നവംബർ ഏഴു മുതൽ മഹാരാഷ്ട്രയിൽ പ്രയാണം തുടങ്ങിയ പദയാത്ര ഇന്ന് രാവിലെ ആറു മണിക്ക് അകോള ജില്ലയിലെ ബാലാപൂരിൽ നിന്നാണ് തുടങ്ങിയത്. കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഷെഗാവിലെത്തിയപ്പോൾ ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവും കൂടിയായ തുഷാർ ഗാന്ധിയും കൂടെച്ചേരുകയായിരുന്നു. പദയാത്രയിൽ പങ്കെടുക്കുന്ന കാര്യം വ്യാഴാഴ്ച ഇദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഷെഗാവാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം.
രാഹുൽ ഗാന്ധിയും തുഷാർ ഗാന്ധിയും ജവഹർ ലാൽ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും പാരമ്പര്യമുള്ള മഹാന്മാരായ കൊച്ചു മക്കളാണെന്ന് കോൺഗ്രസ് വാർത്താകുറിപ്പിൽ ഓർമിപ്പിച്ചു. 'ഇവർ രണ്ടുപേരും ഒന്നിച്ചു നടക്കുന്നത് രാജ്യത്തെ ഭരണകൂടത്തിന് നൽകുന്ന സന്ദേശം ജനാധിപത്യത്തെ അപകടത്തിലാക്കാം, എന്നാൽ തീർത്തുകളയാനാകില്ലയെന്നാണ്' കോൺഗ്രസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. തുഷാർ ഗാന്ധിക്ക് പുറമേ, കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, ദീപേന്ദർ ഹൂഡ, മിലിന്ദ് ദിയോറ, മണിക്‌റാവു തക്‌റെ തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു. നിലവിൽ മഹാരാഷ്ട്രയിലുള്ള പദയാത്ര നവംബർ 20ന് മധ്യപ്രദേശിലേക്ക് കടക്കും.
Will Shiv Sena and Congress clash over Savarkar? Ten things...