വിമാനത്തിലെ പ്രതിഷേധം: പരിശോധിച്ച് ഉടന്‍ നടപടിയെന്ന് കേന്ദ്രം; ജയരാജനെതിരെയും നടപടിയുണ്ടാകും?
|എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന ഹൈബി ഈഡന്റെ ട്വീറ്റ് പങ്കുവെച്ചാണ് കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. സംഭവം ശ്രദ്ധിച്ചുവരികയാണെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു. എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന ഹൈബി ഈഡന്റെ ട്വീറ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ അടക്കമായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇ.പി ജയരാജൻ മുദ്രാവാക്യം വിളിച്ച രണ്ടു യാത്രികരെ തള്ളുന്നതായി വ്യക്തമായി കാണമെന്നും അദ്ദേഹം കുറിച്ചു. ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും പുതിയ ഇന്ത്യയിൽ നീതി സെലക്ടീവായാണോ നൽകപ്പെടുകയെന്നും ഹൈബി ഈഡൻ ചോദിച്ചു.
വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരിക്കുകയാണ്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഇതോടെ 26ാം തിയ്യതി വരെ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി ഫർസീൻ മജീദ് റൗഡി ലിസ്റ്റിൽപെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിക്ക് എതിരെ പതിമൂന്ന് കേസുണ്ടെന്നും അറിയിച്ചു. എന്നാൽ വിമാനത്തിൽ അക്രമം കാട്ടിയത് ഇ പി ജയരാജനാണെന്നും അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കിയത് നിഗൂഢമെന്ന് പ്രതിഭാഗം വാദിച്ചു. ഇക്കാര്യം കേസിൽ ഒരിടത്തും പരാമർശിച്ചില്ലെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. കേസിൽ കോടതി മാറ്റിയതിനെ എതിർത്ത് പ്രതിഭാഗം വീണ്ടും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ജില്ലാ കോടതി തന്നെ പരിഗണിക്കുകയായിരുന്നു. നേരത്തെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധക്കാർ പാഞ്ഞടുത്തെന്ന കുറ്റപത്രം സ്ഥിരീകരിച്ച് ഇൻഡിഗോ അധികൃതർ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മുന്നറിയിപ്പ് ലംഘിച്ച് മൂന്നുപേർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയതായി കമ്പനി പരാതി നൽകിയിരുന്നു. വിമാനക്കമ്പനിയുടെ പരാതി ഇല്ലാതെ കേസ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം ഇന്നലെ വാദിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോൺഗ്രസുകാരും പ്രതികളാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ,യൂത്ത് കോൺ മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. അധ്യാപകനായ ഫർസിൻ മജീദിനെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകുന്നതടക്കം സംഭവത്തിൽ കൂടുതൽ നിയമ നടപടിക്കൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം നടന്നത്.
അതേസമയം, കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇ.പി ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചിരുന്നു.
will take action soon on Youth Congress activist's protest against Chief Minister Pinarayi Vijayan on flight: Union Civil Aviation Minister Jyotiraditya Scindia