പണി പാളുമോ? യുപി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വഴങ്ങാതെ എസ്പി; മുന്നിലുള്ളത് മൂന്ന് വഴികൾ
|പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കാൻ എസ്പി തയ്യാറല്ല. അതിനാൽ മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസിന് മുന്നിലുള്ളത്.
ലക്‌നൗ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍ നൽകാതെ സമാജ്‌വാദി പാർട്ടി(എസ്പി). മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് കൂടി നിർണായകമായ തെരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് എസ്പി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പത്ത് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത് എങ്കിലും ഒമ്പത് എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സീറ്റിൽ കേസ് നിലനിൽക്കുന്നതിൽ പിന്നീടാകും തെരഞ്ഞെടുപ്പ്.
അഞ്ച് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എസ്പി നൽകിയത് വെറും രണ്ട് സീറ്റ് മാത്രം. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഗാസിയാബാദ് സദർ, ഖൈർ എന്നീ സീറ്റുകളാണ് കോൺഗ്രസിന് വിട്ടുനൽകിയത്. ഇതിന് പുറമെ ഫൂൽപൂർ, മഞ്ജാവ, മീരാപൂർ സീറ്റുകൾ കൂടി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ല.
ഇതില്‍ ഫൂല്‍പൂരിനായി ഇപ്പോഴും കോണ്‍ഗ്രസ് രംഗത്തുണ്ട്. വിട്ടുനല്‍കിയ സീറ്റുകളിലൊന്നിലാവട്ടെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവുമല്ല. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലങ്ങൾ എന്ന നിലയിൽ കർഹൽ, സിസാമാവു, കതേഹാരി, കുന്ദർകി എന്നിവിടങ്ങളിൽ എസ്പി തന്നെ മത്സരിക്കുകയും ബാക്കി അഞ്ച് സീറ്റുകള്‍ വിട്ടുനൽകണമെന്നുമായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ചോദിച്ച സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല ഒരു കൂടിയാലോചനയും കൂടാതെ എസ്പി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ പിൻവലിക്കാൻ എസ്പി തയ്യാറല്ല. അതിനാൽ മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസിന് മുന്നിലുള്ളത്.
എസ്പി നൽകിയ രണ്ട് സീറ്റുകളിൽ ഇൻഡ്യ സഖ്യമായി മത്സരിക്കുക എന്നതാണ് ആദ്യത്തെ ഓപ്ഷന്‍. മറ്റൊന്ന് എല്ലാ സീറ്റിലും എസ്പി സ്ഥാനാർഥികളെ പിന്തുണക്കുക അല്ലെങ്കിൽ സഖ്യം അവസാനിപ്പിച്ച് ഉപതെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുക. ഇതിൽ മൂന്നാമത്തെ 'റിസ്‌ക്' ഏറ്റെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് തയ്യാറായേക്കില്ല. നവംബർ 13നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം നവംബർ 23നാണ് ഫലപ്രഖ്യാപനവും.
ജമ്മുകശ്മീർ മുഖ്യമന്ത്രിയായുള്ള ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ തമ്മില്‍ നടത്തിയ അനൗപചാരിക ചർച്ചയിൽ യുപി ഉപതെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും കടന്നുവന്നിരുന്നു.
കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് ഇൻചാർജ് അവിനാഷ് പാണ്ഡെ, സംസ്ഥാന പാർട്ടി അധ്യക്ഷൻ അജയ് റായ്, പാർട്ടി നേതാവ് ആരാധന മിശ്ര എന്നിവർ സമാജ്‌വാദി പാർട്ടി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും രണ്ടില്‍ കൂടുതല്‍ തരില്ലെന്ന നിലപാടാണ് എസ്പി സ്വീകരിക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിയും ജമ്മുകശ്മീരില്‍ നിന്ന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തതിലും സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്തണമെന്നും താഴേക്കിടയിലേക്ക് ഇറങ്ങണമെന്നും കോണ്‍ഗ്രസിനോട് സഖ്യകക്ഷികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് കോൺഗ്രസിന് ആവശ്യപ്പെട്ട അത്ര സീറ്റുകള്‍ നൽകാതെ ഇരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലാണ് പാർട്ടി കാര്യമായും ചെലവഴിക്കുന്നത്. ഇവിടെ നിന്നു കൂടി 'അടി' കിട്ടിയാൽ കാര്യങ്ങൾ പരുങ്ങലിലാകും. അതിനിടെ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമമാക്കാതെ, മഹാരാഷ്ട്രയിൽ തൻ്റെ പാർട്ടി സ്ഥാനാർത്ഥികൾക്കായി അഖിലേഷ് യാദവ് പ്രചാരണം ആരംഭിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'ഇന്‍ഡ്യ' ബ്ലോക്കിന് കീഴിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 43ലും വിജയിച്ച സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്പി 37 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട അമേഠിയും കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനായി.