കര്‍ണാടകയിലെ വിജയം ബി.ജെ.പിക്കുള്ള മികച്ച മറുപടിയായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി
|രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക
ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പാർട്ടിക്ക് പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രതിഷേധ പദ്ധതിക്ക് യോഗം രൂപം നൽകി. അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങൾ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ കോൺഗ്രസ് എം.പിമാരും ലോക്‌സഭയിൽ നിന്ന് രാജിവയ്ക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നുവന്നതായി വൃത്തങ്ങൾ അറിയിച്ചു.ചില എംപിമാർ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാൽ നേതൃത്വം ആ നിര്‍ദേശവുമായി മുന്നോട്ടുപോയില്ല.രാഹുലിന്‍റെ അയോഗ്യതയെച്ചൊല്ലിയുള്ള പ്രധാന പോരാട്ടത്തിന് ഇത് മങ്ങലേൽപ്പിക്കുമെന്നും അഭിപ്രായമുയര്‍ന്നു.
'ഇന്ന് രാഹുൽ, നാളെ അത് ആരുമാകാം' പാർട്ടി എംപിമാരുടെ യോഗത്തിൽ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ച സാഹചര്യത്തിലാണ് സോണിയയുടെ അഭിപ്രായ പ്രകടനം. ചില എംപിമാർ പ്രതിഷേധം ഒഴിവാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി കോണ്‍ഗ്രസ് പുറത്തുവിട്ടു. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ കൊരട്ടഗെരെ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മാർച്ച് 17 ന് ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷം പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർഥികളുടെ ആദ്യ പട്ടിക അംഗീകരിച്ചു.കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തിരുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.കർണാടകയിൽ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മേയ് മാസത്തിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.