ഇന്ധനവിലയും വിലക്കയറ്റവും ചർച്ച ചെയ്യണം; ലോക്സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്
|മുല്ലപ്പെരിയാർ വിഷയത്തിൽ ഡീൻ കുര്യാക്കോസും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. ഇന്ധനവിലയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രനും കെ. മുരളീധരനും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
Winter session of Parliament | Congress MP Manish Tewari gives adjournment motion notice in Lok Sabha to discuss 'to direct the government to create a record of farmers who lost their lives during farm laws protest and give compensation to their families'
— ANI (@ANI) November 29, 2021
മുല്ലപ്പെരിയാർ വിഷയത്തിൽ ഡീൻ കുര്യാക്കോസും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പി അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീമും നോട്ടീസ് നൽകി. കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ശിവദാസൻ എം.പി ആവശ്യപ്പെട്ടു. വിളകൾക്ക് താങ്ങുവില നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വവും രാജ്യസഭയില്‍ നോട്ടീസ് നല്‍കി.
Winter session of Parliament | CPI MP Binoy Viswam gives Suspension of Business Notice in Rajya Sabha and demands a discussion on ensuring a legal guarantee for Minimum Support Price
— ANI (@ANI) November 29, 2021
പണപ്പെരുപ്പം, വിലക്കയറ്റം ,ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങൾ. ഇന്നലെ ചേർന്ന സർവ കക്ഷി യോഗത്തിൽ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുമെന്ന വ്യക്തമായ സൂചനയും പ്രതിപക്ഷം നൽകിയിരുന്നു. കോവിഡ് നഷ്ടപരിഹാരവും കർഷകർക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെടും. വിവാദമായ മൂന്ന് കാർഷിക നിയമം റദ്ദാകേണ്ടി വന്ന സാഹചര്യം കൃഷി മന്ത്രി ഇന്ന് ലോക് സഭയിൽ വിശദികരിക്കും. നിയമം പിൻവലിക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.
ക്രിപ്റ്റോ കറൻസി നിയന്ത്രണത്തിനുള്ള ബിൽ, പട്ടികജാതി-പട്ടിക വർഗ ഭേദഗതി ബിൽ, എമിഗ്രേഷൻ ബിൽ, മെട്രോ റെയിൽ ബിൽ, ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ, നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രോപിക് സബ്സ്റ്റാൻസ് ബിൽ എന്നിവയടക്കം 26 ബില്ലുകളാണ് സഭയിൽ എത്തുക .കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഇത്തവണയും ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. ഡിസംബർ 23ന് ശൈത്യകാല സമ്മേളനം സമാപിക്കും.