India
Lok Sabha
India

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടന്നേക്കും

Web Desk
|
24 Nov 2024 5:05 PM GMT

വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സഭയിൽ ഉണ്ടാവുക

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിൻ്റെ നീക്കം. സത്യപ്രതിജ്ഞക്ക് ശേഷം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സഭയിലെത്തും.

വഖഫ് ഭേദഗതി ബില്ല് ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും നാളെ മുതൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു സഭയിൽ ഉണ്ടാവുക. സർവകക്ഷി യോഗത്തിലും പ്രതിപക്ഷം എതിർപ്പ് അറിയിച്ചു. അദാനിക്കെതിരെയുള്ള കേസും മണിപ്പൂർ സംഘർഷവും സഭയിൽ ഉയർത്തുമെന്ന് കോൺഗ്രസ്‌ എംപി പ്രമോദ് തിവാരി പറഞ്ഞു.

മറ്റു ബില്ലുകൾക്കെതിരെയും പ്രതിഷേധത്തിന് സാധ്യതയുണ്ട്. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും സഭയിലെത്തും. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

Similar Posts