'ചോറ് ഇവിടെയും കൂറ് അവിടെയും'; ഒരേസമയം മറ്റ് കമ്പനികളിൽ ജോലിചെയ്ത 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ
|കോവിഡ് മഹാമാരിക്കാലത്ത് വർക്ക് ഫ്രം ഹോം നടപ്പിലായ ശേഷമാണ് 'മൂൺലൈറ്റിങ്' വ്യാപകമായത്
ബംഗളൂരൂ: കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ എതിർ സ്ഥാപനങ്ങളിൽ ജോലി ചെയ്ത മുന്നൂറ് ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ. എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്.
'വിപ്രോയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുറച്ച് മാസത്തെ നിരീക്ഷത്തിന് ശേഷമാണ് അങ്ങനെയുള്ള 300 പേരെ ഞങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് നടപടിയെടുത്തത്' റിഷാദ് പ്രേംജി പറഞ്ഞു. ' ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ നാഷണൽ മാനേജ്മെന്റ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത മത്സരം നില നിൽക്കുന്ന മേഖലയിൽ ഒരേസമയം എതിരാളിയായ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് കടുത്ത വിശ്വാസ വഞ്ചനയാണെന്നാണ് അദ്ദേഹം പറഞ്ഞു.അതുകൊണ്ടാണ് അവരെ പിരിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേസമയം ഇരട്ടജോലി ചെയ്യുന്നതിനെ മൂൺലൈറ്റിങ് എന്നാണ് വിളിക്കാറ്. ഔദ്യോഗികമായി ജോലി ചെയ്യുന്ന കമ്പനിയിലെ ജോലിക്ക് ശേഷം രാത്രി ചന്ദ്രന്റെ വെളിച്ചത്തില് മറ്റ് സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്നതുകൊണ്ടാണ് മൂൺലൈറ്റിങ് എന്ന പേര് വന്നത്.
കോവിഡ് മഹാമാരിക്കാലത്ത് വർക്ക് ഫ്രം ഹോം നടപ്പിലായ ശേഷമാണ് മൂൺലൈറ്റിങ് വ്യാപകമായതെന്നാണ് വിദഗ്ധർ പറയുന്നത്. കമ്പനി ഉടമയറിയാതെ ഇത്തരത്തിൽ ഇരട്ടജോലി ചെയ്യുന്നതും എളുപ്പമായി. എന്നാൽ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചിട്ടും ഇത് പലരും തുടർന്നാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം.
ഇത് തിരിച്ചറിഞ്ഞതോടെ പല കമ്പനികളും തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റു തൊഴിലുകൾ ചെയ്യുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫോസിസ് ജീവനക്കാർക്ക് കഴിഞ്ഞ ആഴ്ച ഇ.മെയിൽ അയച്ചിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ഇതോടെയാണ് മൂൺലൈറ്റിങ്ങിനെ കുറിച്ച് വൻകിട കമ്പനികളിൽ വലിയ ചർച്ചതന്നെയാണ് നടക്കുന്നത്.