'അടുപ്പക്കാർക്ക് മാത്രം ആനുകൂല്യം'; സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് മോദി
|എസ്.പിയുടെ നേതൃത്വത്തിലുളള 'മാഫിയ രാജ്' തിരികെ വരാനാണ് ക്രിമിനലുകൾ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സമാജ്‍വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എസ്.പി ഭരണകാലത്ത് പാർട്ടി നേതാക്കൾക്കും അടുപ്പക്കാർക്കും മാത്രമാണ് പുരോഗതി ഉണ്ടായതെന്നാണ് മോദിയുടെ പരാമര്‍ശം.
എസ്.പിയുടെ നേതൃത്വത്തിലുളള മാഫിയ രാജ് തിരികെ വരാനാണ് ക്രിമിനലുകൾ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. ബിജ്നൗറിലെ വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗി സർക്കാറിന്റെ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞു. ബി.ജെ.പി അധികാരത്തിൽ തുടർന്നാൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയ്ക്കുമ്പോള്‍ വികസനത്തിന്റെ പുതിയ മാതൃക തീർക്കാൻ ഉത്തർപ്രദേശിനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഖിലേഷ് യാദവ്- ജയന്ത് ചൗധരി സഖ്യത്തെ പരിഹസിച്ചായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം. സമാജ്‍വാദി പാർട്ടി അധികാരത്തിലിരിക്കുമ്പോൾ വിധവാ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള ധനസഹായവും വകമാറ്റി ചെലവഴിച്ചുവെന്നും ആദിത്യനാഥ് ആരോപിച്ചു. സഹായം നൽകേണ്ട ഉദ്യോഗസ്ഥർ തന്നെ ആ പണം പങ്കിട്ടെടുക്കുകയായിരുന്നെന്നാണ് മന്ത് അസംബ്ലി നിയോജക മണ്ഡലത്തിലെ ടെന്റിഗാവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ആദിത്യ നാഥ് പറഞ്ഞത്.
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിൽ പരസ്യ പ്രചരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.