India
With 82% Hindus, we are already a Hindu rashtra: Kamal Nath on godman’s demands
India

'82% ഹിന്ദു ജനസംഖ്യയുള്ളത് പിന്നെ ഏത് തരം രാജ്യമായിരിക്കും?'; ഹിന്ദുരാഷ്ട്രത്തെ കുറിച്ചുള്ള ചോദ്യത്തിന് കമൽ നാഥിന്റെ മറുപടി

Web Desk
|
8 Aug 2023 10:53 AM GMT

ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ധീരേന്ദ്ര ശാസ്ത്രിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽ നാഥിന്റെ പ്രതികരണം.

ഭോപ്പാൽ: ഹിന്ദുരാഷ്ട്രവാദത്തിന് പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്. ബാഗേശ്വർ ധാം ട്രസ്റ്റ് മേധാവിയും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ധീരേന്ദ്ര ശാസ്ത്രിയുടെ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിൽ തന്റെ ശക്തികേന്ദ്രമായ ഛിന്ദ്‌വാര ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഹനുമാൻ കഥ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമൽ നാഥ്. ഇതിനിടെയാണ് മാധ്യമപ്രവർത്തകർ ശാസ്ത്രിയുടെ ഹിന്ദുരാഷ്ട്രമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചത്.

''ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇന്ന് നമ്മുടെ രാജ്യത്ത് 82% ഹിന്ദുക്കളാണെങ്കിൽ ഇത് ഏത് രാഷ്ട്രമാണ്? ഞാൻ മതേതരനാണ്. നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്നത് എന്താണോ അതാണ് ഞാൻ''-കമൽ നാഥ് പറഞ്ഞു.

നിരന്തരമായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ശാസ്ത്രി ഛദ്ദർപൂരിലെ തന്റെ ആശ്രമത്തിൽ ഘർ വാപസി പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

''മഹാരാജ് ജീ, ഭാവിയിൽ നിങ്ങൾക്ക് എന്നെ ഉപേക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ ലോകത്ത് വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാൽ ഞാനും മഹാരാജും തമ്മിലുള്ള ബന്ധം ഹനുമാന്റെ ബന്ധമാണ്. എല്ലാവരും ഈ ബന്ധത്തിന്റെ സാക്ഷികളാണ്. അതുകൊണ്ട് തന്നെ ആർക്കും എന്റെ നേരെ വിരൽ ചൂണ്ടാൻ സാധിക്കില്ല. മഹാരാജ് ജി നിങ്ങൾ എവിടെപ്പോയാലും ഛിന്ദ്‌വാര പോലുള്ള ഒരു സ്ഥലം നിങ്ങൾക്ക് കാണാൻ കിട്ടില്ല. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. നാമെല്ലാവരും നമ്മുടെ മതത്തെയും ബഹുമാനിക്കുന്നു. ഞാൻ ഒരു ഹിന്ദുവാണ്. അത് അഭിമാനത്തോടെ പറയും''- കമൽ നാഥ് പറഞ്ഞു.

തനിക്ക് രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമില്ലെന്ന് ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാൻവാപി മസ്ജിദല്ല, ശിവക്ഷേത്രമാണ്. ഹരിയാനയിലെ നൂഹിൽ സംഭവിച്ചത് ഹിന്ദുക്കൾക്ക് നേരെ നടന്ന രാജ്യത്തിന്റെ നിർഭാഗ്യകരമായ അവസ്ഥയാണെന്നും ഹിന്ദുക്കൾ ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Similar Posts