പ്രണയത്തിൽ നിന്ന് പിൻമാറി; എഞ്ചിനിയറിങ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
|കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൊസലെഹോസഹള്ളിയിലുള്ള ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിനി സുചിത്ര (20) ആണ് കൊല്ലപ്പെട്ടത്. ഇതേ കോളജിൽ മുൻപ് പഠിച്ചിരുന്ന 23 കാരൻ തേജസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് മാസമായി സുചിത്രയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ സുചിത്രയുടെ മുൻകാല പ്രണയങ്ങളെക്കുറിച്ച് ചോദിച്ചുള്ള തേജസിന്‍റെ മാനസിക പീഡനത്തെ തുടർന്ന് സുചിത്ര പ്രണയത്തിൽ നിന്ന് പിൻമാറി. പ്രശ്നം പരിഹരിക്കാനായി തേജസ് സുചിത്രയെ വിളിച്ച് വരുത്തി തന്‍റെ ബൈക്കിൽ നഗരത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുന്തി ബേട്ട കുന്നിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് തേജസ് കൈയ്യിൽ കരുതിയ കത്തിയെടുത്ത് സുചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം തേജസ് തന്‍റെ സുചിത്രയെ ഇവിടെ ഉപേക്ഷിച്ച് തന്‍റെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
രക്തം വാർത്ത നിലയിൽ കണ്ടെത്തിയ സുചിത്രയെ പ്രദേശവാസികള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐപിസി സെക്ഷൻ 302 പ്രകാരം ഹസ്സൻ റൂറൽ പൊലീസാണ് തേജസിനെതിരെ കേസെടുത്തിരിക്കുന്നത്.
തേജസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.