India
രാജിവെച്ച് മണിക്കൂറുകൾക്കകം മുൻ കോൺഗ്രസ് മന്ത്രി ബി.ജെ.പിയിൽ ചേർന്നു
India

രാജിവെച്ച് മണിക്കൂറുകൾക്കകം മുൻ കോൺഗ്രസ് മന്ത്രി ബി.ജെ.പിയിൽ ചേർന്നു

Web Desk
|
8 May 2022 4:37 AM GMT

കഴിഞ്ഞ വർഷം വിശ്വേശ തീർത്ഥ സ്വാമിജിയെ മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രമോദ് മധ്വരാജ് പ്രശംസിച്ചിരുന്നു

പാർട്ടിയിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം കർണാടകയിലെ മുൻ കോൺഗ്രസ് മന്ത്രി ബി.ജെ.പിയിൽ ചേർന്നു. മുൻ മന്ത്രി പ്രമോദ് മധ്വരാജാണ് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസിലെ പ്രാഥമികാംഗത്വവും കെ.പി.സി.സി ഉപാധ്യക്ഷ പദവിയും രാജിവെക്കുന്നതായി കാണിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ ശിവകുമാറിന് ഇദ്ദേഹം കത്തയിച്ചിരുന്നു. ട്വിറ്ററിലും കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷവും ഉഡുപ്പി ജില്ലയിലെ കോൺഗ്രസ് പാർട്ടി പ്രവർത്തനം മോശം അനുഭവമാണ് നൽകിയതെന്നും ഇത് പാർട്ടി നേതാക്കളെ താൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.


കഴിഞ്ഞ വർഷം വിശ്വേശ തീർത്ഥ സ്വാമിജിയെ മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രമോദ് മധ്വരാജ് പ്രശംസിച്ചിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ പത്മവിഭൂഷൺ നിർണയിക്കുന്ന രീതി മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.


മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലെ ചില നേതാക്കൾ 2500 കോടി ചോദിച്ചെന്ന് ബിജെപി എം.എൽ.എ

കർണാടകയിൽ തന്നെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലെ ചിലർ 2500 കോടി ചോദിച്ചെന്ന് ബിജെപി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. ബെളഗാവി രാംദുർഗിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് വിജയ്പുര സിറ്റിയിലെ എം.എൽ.എയുടെ വെളിപ്പെടുത്തൽ. 50-100 കോടി നൽകിയാൽ മന്ത്രി പദവി നൽകാമെന്ന് അവർ പറഞ്ഞതായും എം.എൽ.എ വ്യക്തമാക്കി. എന്നാൽ വാഗ്ദാനം നൽകിയവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വഞ്ചകർ എല്ലായിടത്തുമുണ്ടെന്നായിരുന്നു ഇതിനെ കുറിച്ചുള്ള മുൻകേന്ദ്രമന്ത്രി കൂടിയായ ഇദ്ദേഹത്തിന്റെ പ്രതികരണം.

''രാഷ്ട്രീയത്തിൽ ചേർന്ന് ജീവിതം നശിപ്പിക്കരുത്. അവിടെ നിരവധി കള്ളന്മാരുണ്ട്. അവർ നിങ്ങളെ സ്ഥാനാർഥിയാക്കാം. ഡൽഹിയിൽ കൊണ്ടുപോയി സോണിയ ഗാന്ധിയെയും ജെ.പി നഡ്ഡയെയും കാണിക്കാം എന്നൊക്കെ വാക്ക് നൽകും. അത്തരക്കാർ എന്നെ പോലുള്ളവരോട് തന്നെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വന്ന അവർ 2500 കോടി നൽകിയാൽ എന്നെ മുഖ്യമന്ത്രിയാക്കിത്തരാമെന്നാണ് പറഞ്ഞിരുന്നത്.'' എം.എൽ.എ പ്രഭാഷണത്തിൽ വ്യക്തമാക്കി. 2500 കോടി ഗോഡൗണിലാണോ റൂമിലാണോ സൂക്ഷിക്കുകയെന്ന് അവരോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.



അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ അദ്വാനി, രാജ്നാഥ് സിങ്, അരുൺ ജയറ്റ്ലി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച തനിക്കാണ് ഈ വാഗ്ദാനം നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. അമിത് ഷായെയും നദ്ദയെയുമായും ബന്ധപ്പെടുത്താമെന്നും എന്നോട് അവർ പറഞ്ഞിരുന്നെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തതിനാൽ അത്തരക്കാർ വരുമെന്നും എം.എൽ.എ പറഞ്ഞു. ''എനിക്ക് ഇത്തരത്തിലുള്ള നാടകങ്ങൾ അറിയില്ല, അറിയുമായിരുന്നെങ്കിൽ യെദ്യൂരപ്പയെ നീക്കിയപ്പോൾ എന്നെ മുഖ്യമന്ത്രിയാക്കുമായിരുന്നു'' യത്നാൽ ചടങ്ങിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പയുടെ കടുത്ത വിമർശകനായ ബസനഗൗഡ അദ്ദേഹത്തെയും മകനെയും പ്രസംഗത്തിൽ വിമർശിച്ചു. യെദ്യൂരപ്പയെ താഴെയിറക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തിരുന്നുവെന്നും അക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. എസ്.ഐ നിയമന പരീക്ഷാ വിവാദത്തിൽ സമ്മർദ്ദത്തിലായ ബൊമ്മൈ സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് എം.എൽ.എയുടെ വിവാദ പരാമർശം. എം.എൽ.എയുടെ പ്രസ്താവനയെ ഗൗരവമായെടുക്കണമെന്നും ദേശീയ തലത്തിൽ ചർച്ച ചെയ്യണമെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Within hours of resignation, former Congress minister, joined BJP, Karanataka,

Similar Posts