'വനിതാ താരമായിട്ടും ഞങ്ങളെ കേൾക്കാൻ പോലും അവർ തയാറായില്ല'; പി.ടി ഉഷക്കെതിരെ സാക്ഷി മാലിക്
|സ്വന്തം അക്കാദമിയെക്കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി.ടി ഉഷയെന്നും സാക്ഷി പറഞ്ഞു
ഡൽഹി: ഗുസ്തിതാരങ്ങൾക്കെതിരായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്ക് മറുപടിയുമായി ഗുസ്തിതാരം സാക്ഷി മാലിക്. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പോലും പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി പറഞ്ഞു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും തങ്ങൾ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെന്നും സാക്ഷി വ്യക്തമാക്കി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയിൽ തങ്ങൾ മൊഴി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി. സ്വന്തം അക്കാദമിയെ (കേരളത്തിലെ ബാലുശ്ശേരിയിലെ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ്) കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷയെന്നും സാക്ഷി പറഞ്ഞു.
മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്നും പി.ടി ഉഷ തങ്ങള്‍ക്കൊപ്പം നിൽക്കുമെന്നാണ് കരുതിയതെന്നും വിനേശ് ഫോഗട്ട് പ്രതികരിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണ്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ തങ്ങൾ സമരം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു. ഇത്രയും കടുത്ത പ്രതികരണം പി.ടി ഉഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നും ബജ്രംഗ് പുനിയ പറഞ്ഞു.
ഗുസ്തി ഫെഡറഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞിരുന്നു.
അതേ സമയം ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുൻ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയർ വനിതാ ഗുസ്തിക്കാർ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച് കുൽദീപ് മാലിക്കിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരഞ്ജീത് മാലിക് ഈക്കാര്യം വ്യക്തമാക്കിയത്.
ഗുസ്തി ഫെഡറഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ആരോപണങ്ങളിൽ നടപടി എടുക്കാതെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. അതേസമയം പണവും അധികാരവും ഉപയോഗിച്ച് ലൈംഗിക പരാതി നൽകിയവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇതിനായി പരാതിക്കാരുടെ വിവരങ്ങൾ ഡൽഹി പൊലീസ് ചോർത്തി നൽകി എന്നും താരങ്ങൾ ആരോപിച്ചു.