India
Woman accuses temple priest of rape after offering drugged prasad
India

ലഹരി കലർത്തിയ പ്രസാദം നൽകി ബലാത്സം​ഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാർഥിനി

Web Desk
|
20 Oct 2024 10:38 AM GMT

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ജയ്പ്പൂർ: മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി പൂജാരി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.

ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.

Similar Posts