മകളെക്കാള്‍ മിടുക്കനായ സഹപാഠിയെ പാനീയത്തില്‍ വിഷം നല്കി കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍
|സംഭവത്തില്‍ സഹായറാണി വിക്ടോറിയയെ (42) അറസ്റ്റ് ചെയ്തു
കാരയ്ക്കല്‍: പുതുച്ചേരിയിലെ കാരയ്ക്കലില്‍ 13 വയസുകാരനെ സഹപാഠിയുടെ അമ്മ കൊലപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് സ്കൂളില്‍ തന്റെ മകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ സഹായറാണി വിക്ടോറിയയെ (42) അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച കുട്ടിക്ക് വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രി ആശുപത്രിയില്‍ വെച്ചാണ് മണികണ്ഠന് മരിച്ചത്. കാരയ്ക്കലിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് മണികണ്ഠന്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്നു മണികണ്ഠന്. ഇതേ ക്ലാസില്‍ തന്നെയാണ് സഹായറാണിയുടെ മകള്‍ അരുള്‍ മേരിയും പഠിക്കുന്നത്. മകളെക്കാള്‍ മിടുക്കനായ വിദ്യാര്‍ഥിയോട് യുവതിക്ക് അസൂയയുണ്ടായിരുന്നു.
സ്കൂള്‍ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയ സഹായറാണി, സ്കൂള്‍ വാച്ച്മാനോട് കുട്ടിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി രണ്ട് കുപ്പി ശീതളപാനീയം നല്‍കുകയും കുട്ടിക്ക് കുപ്പികള്‍ നല്കാന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കുപ്പികളിലൊന്ന് കഴിച്ചു, സുഖമില്ലാതായതോടെ ആശങ്കയിലായ മാതാപിതാക്കള്‍ കാരയ്ക്കല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നേരത്തെ നടന്ന കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ സ്കൂളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് സഹായറാണി വിക്ടോറിയയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സഹായറാണിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.