പഠനത്തിനായി മാറ്റിവെച്ച പണമെടുത്ത് സഹോദരന്റെ വിവാഹം നടത്തി; മാതാപിതാക്കൾക്കെതിരെ കേസുകൊടുത്ത് യുവതി
|തന്റെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനായി മുത്തശ്ശി നൽകിയ പണമാണ് മാതാപിതാക്കൾ സഹോദരന്റെ വിവാഹത്തിനായി മാത്രം ഉപയോഗിച്ചത്
വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്ന പണം സഹോദരന്റെ വിവാഹത്തിനായി ചെലവാക്കിയതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കേസുകൊടുത്ത് യുവതി. റെഡ്‌ഡിറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തി യുവതി രംഗത്തെത്തിയത്. തന്റെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനായി മുത്തശ്ശി നൽകിയ പണമാണ് മാതാപിതാക്കൾ സഹോദരന്റെ വിവാഹത്തിനായി മാത്രം ഉപയോഗിച്ചത്.
സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സംസ്‌കാരമാണ് തങ്ങളുടേതെന്ന് മുത്തശ്ശി തിരിച്ചറിഞ്ഞിരുന്നു. തന്റെ ബന്ധുക്കളായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നത് അവർക്ക് നിർബന്ധമായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ പെൺകുട്ടികൾക്കും സേവിങ്സ് അക്കൗണ്ടുകളും മുത്തശ്ശി തുടങ്ങിയിരുന്നു.
'മുത്തശ്ശിയുടെ വിദ്യാഭ്യാസ കാലം ലണ്ടനിലായിരുന്നു. ഒരു ബ്രിട്ടീഷുകാരനെ കല്യാണം കഴിച്ച ശേഷം അവർ അമേരിക്കയിലേക്ക് പോയി. അവിടെ നല്ലൊരു ജീവിതം നയിച്ച മുത്തശ്ശി അവരുടെ മരുമക്കളുടെയും പേരക്കുട്ടികളുടെയും പഠനത്തിനായി സാമ്പത്തിക സഹായം നൽകി. മരിക്കുന്നത് മുൻപ് എല്ലാ ബന്ധുക്കൾക്കും വിദ്യാഭ്യസത്തിനായി ഒരു തുക മുത്തശ്ശി കരുതിവെച്ചിരുന്നു'; യുവതി റെഡ്‌ഡിറ്റിൽ കുറിച്ചു.
ഇങ്ങനെ തനിക്കും സഹോദരിക്കുമായി മാറ്റിവെച്ചിരുന്ന തുകയാണ് മാതാപിതാക്കൾ എടുത്ത് സഹോദരന്റെ വിവാഹത്തിനായി ചെലവാക്കിയത്. മാതാപിതാക്കളോട് ആദ്യം പണത്തെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. എന്നാൽ, പിന്നീടാണ് സഹോദരന്റെ വിവാഹം നടത്തിയത് ഈ തുക ഉപയോഗിച്ചാണെന്ന് കണ്ടെത്തിയത്. തുടർന്ന്, മറ്റ് മാർഗങ്ങളില്ലാതെ ഞാൻ വിദ്യാഭ്യാസ വായ്‌പകൾ തേടിയിറങ്ങി. അത് വലിയ നാണക്കേടാണ് കുടുംബത്തിനുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. എന്റെ കുടുംബം മുഴുവൻ എനിക്കെതിരാണ്. അവർക്കെതിരെ ഞാൻ കേസ് കൊടുത്തു. കുടുംബകാര്യം പബ്ലിക്കാക്കുകയാണെന്നാണ് അവർ പറയുന്നത്. കുടുംബത്തേക്കാൾ എനിക്ക് വലുത് പണമാണെന്നാണ് അവർ പറയുന്നതെന്നും യുവതി കുറിച്ചു.
AITA for suing my parents for my college money. by u/Accomplished_Bar5656 in AmItheAsshole
സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായ അവകാശം എഴുതിനൽകണമെന്ന് പറഞ്ഞതോടെ അദ്ദേഹവും കൈമലർത്തി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ പോസ്റ്റ് റെഡ്‌ഡിറ്റിൽ പ്രത്യക്ഷപ്പെട്ടത്. 37,000 ലൈക്ക് നേടിയ പോസ്റ്റിന് നിരവധി പേരാണ് അനുകൂല പ്രതികരണവുമായി എത്തിയത്.
മാതാപിതാക്കൾ ആ പണം മോഷ്ടിച്ചതാണെന്നും നാണക്കേട് തോന്നേണ്ടത് അവർക്കാണെന്നുമാണ് ഒരാളുടെ പ്രതികരണം. കേസുമായി മുന്നോട്ട് പോകണമെന്നും വിദ്യാഭ്യാസമാണ് പ്രധാനമാണെന്നും നിരവധി പേർ കമന്റ് ചെയ്തു.