ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ
|സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചു
ലക്സർ: ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണയാളെ സാഹസികമായി രക്ഷിച്ച് ആർ.പി.എഫ് കോൺസ്റ്റബിൾ. ഉത്തരാഖണ്ഡിലെ ലക്സർ റെയിൽവേ സ്റ്റേഷനിലാണ് വലിയൊരു വിപത്ത് ഒഴിവായത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി വന്ന യാത്രക്കാരൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി ശ്രദ്ധിക്കുന്നു. പെട്ടെന്നുതന്നെ ട്രെയിൻ വേഗത കൂട്ടുന്നതിനു മുമ്പ് ഓടിയെത്തി ട്രാക്കിൽ വീഴാതെ അയാളെ സുമതി വലിച്ചു.
ഉദ്യോഗസ്ഥ ആദ്യം അയാളുടെ തല ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു. ട്രെയിൻ അടിയന്തരമായി നിർത്തിയ ശേഷം മറ്റ് യാത്രക്കാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു. ജമ്മു താവി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചു.