പരാതി നൽകാനെത്തിയ ഭിന്നശേഷി യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് യു.പി പൊലീസ്
|ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായി എസ്.പി ഓഫീസിലെത്തിയത്.
ലഖ്നൗ: പരാതി നൽകാനെത്തിയ ഭിന്നശേഷിക്കാരിയായ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് യു.പി പൊലീസ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്തുനടന്ന സംഭവം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.
യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇതിനിടെ യുവതി പ്രതിഷേധിച്ച് ഇരുന്നതോടെ ഉദ്യോഗസ്ഥർ അവരെ വലിച്ചിഴയ്ക്കുകയായിരുന്നു. രണ്ട് വനിതാ പൊലീസുകാരാണ് യുവതിയെ കൈകളിൽ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടുപോയത്.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായി എസ്.പിയുടെ ഓഫീസിലെത്തിയത്. എന്നാൽ, പരാതി നൽകുന്നതിന് പകരം എസ്.പി ഓഫീസിന്റെ മതിൽ കയറാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.
ഇതോടെയാണ് ഇവരെ പൊലീസ് വലിച്ചുകൊണ്ടുപോയത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീഡിയോ വൈറലായതോടെ എസ്.പി കേശവ് ചന്ദ്ര ഗോസ്വാമി സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.