സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചു; എഞ്ചിനീയർ നദിയിൽ ചാടി ജീവനൊടുക്കി
|തന്‍റെ സ്വഭാവ ശുദ്ധി തെളിയിക്കാന്‍ സതി അനുഷ്ഠിക്കാൻ ഭര്‍ത്താവിന്‍റെ അമ്മയും മറ്റും നിര്‍ബന്ധിച്ചിരുന്നെന്ന് യുവതി
അഹമ്മദാബാദ്: ഭർതൃവീട്ടുകാർ സതി അനുഷ്ടിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവ എഞ്ചിനീയർ നദിയിൽ ചാടി ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മരിച്ചുപോയ ഭർത്താവിന്റെ ചിതയിൽ ഭാര്യ സ്വയം തീകൊളുത്തുന്ന പുരാതന ഹൈന്ദവ ആചാരമായ സതി അനുഷ്ടിക്കാനാണ് ഭർതൃവീട്ടുകാർ നിർബന്ധിച്ചത്.
28 കാരിയായ രാജസ്ഥാൻ ഭിൽവാര സ്വദേശിയായ സംഗീത ലഖ്റയാണ് സബർമതി നദിയിൽ ചാടി മരിച്ചത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തിൽ ഭർത്താവ് മരിച്ചതിന് ശേഷം താൻ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മരിച്ച സംഗീത കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭർത്താവ് മരിച്ചതോടെ സൂറത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി.തന്‍റെ സ്വഭാവ ശുദ്ധി തെളിയിക്കാന്‍ സതി അനുഷ്ഠിക്കാൻ ഭര്‍ത്താവിന്‍റെ അമ്മയും കുടുംബത്തിലെ മറ്റ് നാല് ആളുകളും നിര്‍ബന്ധിച്ചിരുന്നതായി സംഗീത അതില്‍ എഴുതിയിട്ടുണ്ട്.
സംഭവത്തിൽ മരിച്ച യുവതിയുടെ പിതാവ് രമേഷ് സബർമതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ മകളുടെ ഭർതൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേർന്ന് സംഗീതയെ ഗാർഹിക പീഡനത്തിന് വിധേയയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ പറയുന്നു. സൂറത്തിൽ പലചരക്ക് കട നടത്തുകയാണ് പിതാവായ രമേഷ് ലഖ്റ. ഭർത്താവിന്റെ മരണശേഷം സംഗീത വിഷാദത്തിലായിരുന്നുവെന്നും രമേശ് ആരോപിച്ചു. ഭർത്താവിന്റെ മരണത്തിൽ പരിഹസിക്കപ്പെട്ടതിൽ മടുത്തുവെന്നും തുടർന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയെന്നും സംഗീതയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു.
മെയ് 10 ന് സംഗീതയെ വീട്ടിൽ നിന്ന് കാണാതാവുകയും മെയ് 11 ന് പുലർച്ചെ സബർമതി നദിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനെക്കുറിച്ച് സംഗീത സഹോദരന് ഓഡിയോ സന്ദേശം അയച്ചിരുന്നു.താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ ക്ഷമിക്കണമെന്നും സംഗീത പറഞ്ഞിരുന്നു.