ഒടുവില്‍ പുലി തോറ്റോടി; 10 വയസുകാരനെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് മാതാവ്
|തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ എൻഎച്ച് 74 ന് സമീപമുള്ള ജീത്പൂർ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന 34കാരി
ബിജ്‍നോര്‍: സ്വന്തം കുഞ്ഞിനെ ആക്രമിക്കാന്‍ പുലി അല്ല ആന വന്നാല്‍ പോലും അമ്മമാര്‍ വിട്ടുകൊടുക്കില്ല. സര്‍വശക്തിയുമെടുത്തു പോരാടും. അത്തരത്തിലുള്ള പല സംഭവങ്ങളും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. പുലിയുടെ വായിലകപ്പെട്ട മകനെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ എൻഎച്ച് 74 ന് സമീപമുള്ള ജീത്പൂർ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന 34കാരി. കുറച്ചു മാറി അവരുടെ പത്തു വയസുകാരനായ മകന്‍ തികേന്ദ്ര സൈനി കളിക്കുന്നുണ്ട്. പെട്ടെന്ന് ഒരു പുള്ളിപ്പുലി തോട്ടത്തിലെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ദേവി തന്‍റെ അരിവാള്‍ ഉപയോഗിച്ച് പുലിയെ പേടിപ്പിക്കാന്‍ നോക്കി. കുട്ടിയെ വിട്ടുകിട്ടുന്നതു വരെ സ്ത്രീ പുലിയെ ആക്രമിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ പുലി കുട്ടിയെ വിട്ട് അപ്രത്യക്ഷമാവുകയായിരുന്നു. പുലിയെ കണ്ടതോടെ വയലില്‍ പണിയെടുക്കുന്ന മറ്റുള്ളവര്‍ ഓടിപ്പോയിരുന്നു. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന മകനെ ഒറ്റക്കാണ് ശാന്തരേഷ് ദേവി കൈകളിലേന്തി വയലില്‍ എത്തിച്ചത്. ദേവിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മകന് തലയിലും കൈകളിലും വയറിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടാവുകയും കുഞ്ഞ് അബോധാവസ്ഥയിലാവുകയും ചെയ്തു.
ഉടൻ തന്നെ നാട്ടുകാർ എത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും കുട്ടിയെ നാഗിനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. "കുട്ടിയുടെ തലയ്ക്കും കഴുത്തിനും വയറിനും പരിക്കേറ്റു. നില ഗുരുതരമായതിനാൽ ബിജ്‌നോർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു, തുടർന്ന് ചികിത്സയ്ക്കായി എയിംസ് ഋഷികേശിലേക്ക് കൊണ്ടുപോയി."നഗീന ഹെൽത്ത് കെയർ സെന്‍ററിലെ ഇൻചാർജ് ഡോ.നവീൻ ചൗഹാൻ പറഞ്ഞു. പരിക്കേറ്റവർക്ക് സർക്കാർ പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകും.
പുലിപ്പേടിയിലാണ് ബിജ്നോറിലെ കര്‍ഷകര്‍ കഴിയുന്നത്. നൂറുകണക്കിന് കർഷകർ തങ്ങളുടെ വിളകൾ സംരക്ഷിക്കാൻ വയലിൽ ക്യാമ്പ് ചെയ്തതോടെ മനുഷ്യ-മൃഗ സംഘർഷങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.