India
ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍
India

ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

Web Desk
|
21 July 2021 5:12 AM GMT

ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

മധ്യപ്രദേശില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം നടന്നത്. കേസില്‍ പൊലീസ് നീതി നിഷേധിക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹി വനിത കമ്മീഷന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇരയ്ക്ക് നീതി നല്‍കണമെന്നും കമ്മീഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. യുവതിയെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയാണ് യുവതിയെ ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില വഷളായതോടെ ജൂലൈ 18 നാണ് ചികിത്സക്കായി ഡല്‍ഹിയിലെത്തിച്ചത്.

സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ ഭർത്താവിനും മറ്റ് പ്രതികൾക്കുമെതിരെ സ്ത്രീധന നിയമപ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് നടപടികളൊന്നും സ്വീകരിച്ചില്ല. പിന്നീട് സഹോദരൻ ഡി.സി.ഡബ്ല്യുവിന്‍റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും പിന്നീട് വനിത കമ്മീഷന്‍ ആശുപത്രിയിലെത്തി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ക്രൂരമായ ഗാര്‍ഹിക പീഡനമെന്നാണ് സംഭവത്തെക്കുറിച്ച് സ്വാതി പറഞ്ഞത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി വനിത കമ്മീഷനോട് പറഞ്ഞു. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. അടിക്കടി രക്തം ഛര്‍ദിക്കുന്നുണ്ടെന്നും സ്വാതി മാലിവാള്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയൊന്നുമില്ലെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചതു മുതല്‍ സഹായത്തിനായി വനിത കമ്മീഷന്‍റെ ഒരു ടീം ആശുപത്രിയിലുണ്ട്.

Similar Posts