India
ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ ശുദ്ധി കലശം നടത്തി കുടുംബം
India

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ ശുദ്ധി കലശം നടത്തി കുടുംബം

Web Desk
|
2 Nov 2021 2:44 AM GMT

ഇരുപത്തിനാലുകാരിയായ നഴ്സിങ് വിദ്യാർഥിയാണ് കുടുംബത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവതിയെ കുടുംബം നിര്‍ബന്ധിത ശുദ്ധി കലശം നടത്തി. മധ്യപ്രദേശിലെ ബൈതൂൾ ജില്ലയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ നഴ്സിങ് വിദ്യാർഥിയാണ് കുടുംബത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കുടുംബം ബലമായി യുവതിയുടെ മുടി മുറിക്കുകയും നര്‍മദ നദിയില്‍ മുങ്ങി സ്വയം ശുദ്ധി വരുത്താന്‍ പറയുകയുമായിരുന്നു. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് തന്നോട് കുടുംബം ഇത്തരത്തില്‍ പെരുമാറിയതെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ നാലോളം കുടുംബാം​ഗങ്ങൾക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

2020 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ കുടുംബത്തോട് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത് 2021 ജനുവരിയിലാണ്. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് പരാതി നല്‍കുകയും പൊലീസ് യുവതിയെ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയക്കുകയുമായിരുന്നു. പിന്നീട് പഠനത്തിനായി യുവതിയെ ഹോസ്റ്റലിലേക്ക് അയച്ചെങ്കിലും മാസങ്ങൾക്കിപ്പുറം ആ​ഗസ്റ്റില്‍ കുടുംബം യുവതിയെ നർമദ നദിയിലെത്തിച്ച് 'ശുദ്ധീകരണ' ചടങ്ങ് നടത്തിക്കുകയായിരുന്നു.

ദമ്പതികൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിപ്പെട്ടതോടെയാണ് മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പുറംലോകമറിയുന്നത്. ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും വിവാഹമോചിതരാകണമെന്നും യുവതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ദമ്പതികളുടെ ജീവനു സുരക്ഷ ഉറപ്പു വരുത്തുമെന്നും പോലീസ് പറഞ്ഞു.

Similar Posts