India
Woman Found Chained In Maharashtra Jungle With US Passport Copy In Pocket
India

മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ടനിലയിൽ കണ്ടെത്തി

Web Desk
|
29 July 2024 10:20 AM GMT

ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്.

മുംബൈ: യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. യു.എസ് പാസ്‌പോർട്ടിന്റെ കോപ്പിയും തമിഴ്‌നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുർഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി സിന്ധുദർഗി ഓറോസിലേക്ക് മാറ്റി. സ്ത്രീയുടെ ശാരീരിക, മാനസിക ആരോഗ്യനില പരിഗണിച്ച് വിദഗ്ധ ചികിത്സക്കായി ഗോവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്നും പൊലീസ് പറഞ്ഞു.

രേഖകളിൽനിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരുടെ വിസയുടെ കാലാവധി കഴിഞ്ഞതാണ്. അവരുടെ പൗരത്വം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും ഫോറിനേഴ്‌സ് റീജ്യനൽ രജിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്ന് തമിഴ്‌നാട് സ്വദേശിയായ ഭർത്താവാണ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാൽ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ പറ്റാത്ത സാഹചര്യമായതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ തേടുമെന്നും പൊലീസ് അറിയിച്ചു.

Similar Posts