India
Woman In Hijab Harassed For Roaming With Hindu Man, Three Men Held
India

ഹിന്ദു യുവാവിനൊപ്പം നടന്നതിന് മുസ്‌ലിം യുവതിക്ക് മർദനം; മൂന്ന് യുവാക്കൾ പിടിയിൽ

Web Desk
|
26 April 2023 2:26 PM GMT

ഔറം​ഗാബാദിലെ പ്രശസ്തമായ ബീബി കാ മഖ്ബറ സന്ദർശിക്കാനാണ് യുവതി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഔറം​ഗാബാദ്: ഹിന്ദു യുവാവിനൊപ്പം നടന്നതിന് ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയെ മർദിച്ച് യുവാക്കൾ. സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിലാണ് സംഭവം.

സംഭവത്തിൽ പ്രതികൾക്കെതിരെ ബീ​ഗംപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച മകായ് പ്രദേശത്ത് നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

ഹിജാബ് ധരിച്ച യുവതിയെ ചില യുവാക്കൾ പിന്തുടരുകയും അവളുടെ മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും ചെയ്തു. തന്റെ മൊബൈൽ തിരിച്ചുതരാൻ യുവതി യുവാക്കളോട് കേണപേക്ഷിച്ചെങ്കിലും ഇവർ നൽകിയില്ല. പിന്നാലെ മർദിക്കുകയായിരുന്നു.

തുടർന്ന് ദൃശ്യങ്ങളിൽ നിന്ന് യുവതിയെ തിരിച്ചറിഞ്ഞ പൊലീസ്, ഇവരോട് പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു എന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പേടിച്ചാണ് യുവതി പരാതി നൽകാതിരുന്നതെന്നാണ് റിപ്പോർട്ട്.

'ഒരു മുസ്‌ലിം യുവതി ഹിന്ദു യുവാവിനൊപ്പം കറങ്ങുന്നതായി യുവാക്കൾ സംശയിച്ചു. ഇതോടെ ഇവർ യുവതിയെ പിന്തുടരുകയും മർദിക്കുകയുമായിരുന്നു. എന്നാൽ യുവതി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്'- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ഗിർഹെ പറഞ്ഞു.

ഔറം​ഗാബാദിലെ പ്രശസ്തമായ ബീബി കാ മഖ്ബറ സന്ദർശിക്കാനാണ് യുവതി എത്തിയതെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Similar Posts