India
tamil nadu,Woman Jumps In Front Of Moving Bus tamil nadu,latest national news,മക്കളുടെ ഫീസടക്കാന്‍ പണമില്ല,തമിഴ്നാട്ടില്‍ യുവതിയുടെ മരണം
India

മക്കളുടെ ഫീസടക്കാൻ പണമില്ല; സർക്കാർ ധനസഹായം പ്രതീക്ഷിച്ച് ഓടുന്ന ബസിന് മുന്നിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം

Web Desk
|
19 July 2023 3:42 AM GMT

അപകടമുണ്ടാക്കിയതിന് ബസ് ഡ്രൈവർക്കെതിരെയാണ് ആദ്യം പൊലീസ് കേസെടുത്തത്

സേലം: മക്കളുടെ പഠനത്തിനും മറ്റ് ചെലവുകൾക്കും പണം കണ്ടെത്താനാകാതെ ഓടുന്ന ബസിന് മുന്നിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചാൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു യുവതി ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ സേലത്താണ് നടുക്കുന്ന സംഭവം. സേലം കലക്ടറേറ്റിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (46) ആണ് മരിച്ചത്.

പാപ്പാത്തിയുടെ മകളും മകനും കോളജിൽ പഠിക്കുകയാണ്. ഭർത്താവ് ഉപേക്ഷിച്ച പാപ്പാത്തിക്ക് ഇവരുടെ പഠനചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇതിന് പുറമെ മകളുടെ കല്യാണാലോചനകളും നടന്നുവരുന്നുണ്ട്. നിരവധി പേരിൽ നിന്ന് കടംവാങ്ങിയാണ് ജീവിതം മുന്നോട്ട് പോയത്. ഇതിനിടയിൽ വാഹനാപകടത്തിൽ മരിച്ചാൽ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ആരോ പാപ്പാത്തിയെ തെറ്റിദ്ധിധരിപ്പിച്ചതായും പൊലീസ് പറയുന്നു.

ജൂൺ 28നാണ് അപകടം നടന്നത്. അപകടമരണത്തിന് ബസ് ഡ്രൈവർക്കെതിരെയാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാൽ സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടമരണമല്ലെന്ന് തെളിഞ്ഞതെന്ന് സേലം പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാപ്പാത്തി സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ചാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്നും പൊലീസ് പറയുന്നു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Similar Posts