സ്ത്രീധന പീഡനക്കേസിലെ പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു; 20 കാരിയെ കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
|യുവതിയുടെ അമ്മാവൻ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്
ലഖ്നൗ: സ്ത്രീധന-കൊലപാതകക്കേസ് പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് മകളെ കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. യുപിയിലെ ഗോണ്ടയിലാണ് 20 കാരിയായ ബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അച്ഛൻ രാജേഷ്, രണ്ടാനമ്മ റാണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടക്കുന്ന സമയത്ത് രാജേഷ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുതറി ഓടാതിരിക്കാൻ രണ്ടാനമ്മ റാണി യുവതിയുടെ കാലുകൾ കൂട്ടിപ്പിടിച്ച് കൊലപാതകത്തിന് കൂട്ടുനിന്നതായും പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ സ്വന്തം മകനെയും മകളെയും റാണി സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ദമ്പതികൾ യുവതിയെ കൊലപ്പെടുത്തിയെന്നും ഗോണ്ട എസ്പി വിനീത് ജയ്സ്വാൾ പറഞ്ഞു.
തുളസിറാം പൂർവ ഗ്രാമത്തിലെ വീട്ടിൽ ശ്വേത ശുക്ലയെ രക്തത്തിൽ കുളിച്ച് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയത് തന്റെ സഹോദരപുത്രന്മാരാണെന്ന് കാണിച്ചായിരുന്നു രാജേഷ് ആദ്യം പൊലീസിൽ പരാതി നൽകിയത്.എന്നാൽ അന്വേഷണത്തിൽ അവർക്ക് പങ്കില്ലെന്ന് മനസിലായി. പിന്നീട് ശ്വേതയുടെ അമ്മാവൻ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. സ്ത്രീധനക്കേസിലും കൊലപാതക്കേസിലെയും പ്രതിയായ ശിവമിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രാജേഷും റാണിയും ശ്വേതയെ സമ്മർദത്തിലാക്കിയിരുന്നെന്ന് അമ്മാവൻ ബ്രിജ്ബിഹാരി പാണ്ഡെ പൊലീസിന് പരാതി നൽകി. വിവാഹം നടത്താനായി പ്രതികൾക്ക് വലിയൊരു തുക ലഭിച്ചിരുന്നതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെയും റാണിയും വെവ്വേറെ ചോദ്യം ചെയ്തു.ഇരുവരും പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പൊലീസിന് നൽകിയത്.
കൂടുതൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഏക്കറുകളോളം കൃഷിഭൂമിയുള്ള രാജേഷിന്റെ മൂന്നാമത്തെ ഭാര്യയാണ് റാണിയെന്ന് പൊലീസ് പറഞ്ഞു.ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോകുകയായിരുന്നു. 2004 ൽ ശ്വേതയുടെ അമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഒരു വർഷത്തിന് ശേഷമാണ് റാണിയെ വിവാഹം ചെയ്തതെന്നും പൊലീസ് പറഞ്ഞു.