India
Marriage Fraud,marriage fraud case,Srinagar,27 men were married to the same woman,latest national news, വിവാഹത്തട്ടിപ്പ്, 27 പേരെ വിവാഹം കഴിച്ച് യുവതി,Woman loots 27 women after marrying them
India

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 യുവാക്കൾ പൊലീസ് സ്റ്റേഷനിൽ; ഫോട്ടോ കണ്ടപ്പോൾ എല്ലാവരും ഞെട്ടി

Web Desk
|
16 July 2023 4:47 AM GMT

വിവാഹം കഴിഞ്ഞ് 10 ദിവസമാണ് യുവതി തനിക്കൊപ്പം കഴിഞ്ഞതെന്ന് തട്ടിപ്പിനിരയായ യുവാവ് പറയുന്നു

ശ്രീനഗർ: പല പേരിൽ പലയിടത്ത് നിന്നായി വിവാഹം കഴിച്ച് കബളിപ്പിക്കുന്ന സംഭവം ആദ്യമായല്ല നടക്കുന്നത്. എന്നാലിതാ 27 ലധികം പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കശ്മീരിലാണ് സംഭവം നടക്കുന്നത്. ബ്രോക്കർ വഴി വിവാഹം നടത്തുകയും കുറച്ച് ദിവസങ്ങൾ ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയും പിന്നീട് അവിടെ നിന്ന് മുങ്ങുകയുമായിരുന്നു യുവതിയുടെ രീതി.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഓളം ചെറുപ്പക്കാർ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. യുവാക്കൾ പരാതിക്കൊപ്പം നൽകിയ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അതെല്ലാം ഒരു സ്ത്രീയുടേതാണെന്ന് പൊലീസിന് മനസിലായതെന്ന് 'ദ കശ്മീരിയത്ത്' റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിപ്പിനിരയായവരെല്ലാം ബ്രോക്കർമാർ വഴിയാണ് വിവാഹം കഴിച്ചത്. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് തട്ടിപ്പ് നടത്തിയത്.

മകന് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും രണ്ടുലക്ഷം രൂപ നൽകിയാൽ വിവാഹം നടത്താമെന്ന് ബ്രോക്കർ പറഞ്ഞെന്നും തട്ടിപ്പിനിരയായ യുവാക്കളിലൊരാളുടെ പിതാവ് പറയുന്നു. എന്നാൽ പെൺകുട്ടിക്ക് പരിക്ക് പറ്റി ആശുപത്രിയിലായെന്നും വിവാഹം നടക്കില്ലെന്നും ബ്രോക്കർ അറിയിച്ചു. കൊടുത്ത പണത്തിന്റെ പകുതി തിരിച്ച് നൽകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് വിവാഹം ഉടൻ നടത്തണമെന്ന് ബ്രോക്കർ പറഞ്ഞു. നേരത്തെ തിരികെ നൽകിയ പണം മടക്കി വാങ്ങുകയും ചെയ്‌തു. വിവാഹത്തിന് ശേഷം കുറച്ച് ദിവസം യുവതി വീട്ടിൽ നിന്നു. ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.

3,80,000 രൂപയും അഞ്ച് ലക്ഷത്തിലധികം വിലവരുന്ന സ്വർണവും യുവതിക്ക് നൽകിയതായി ഇരകളിൽ ഒരാളുടെ പിതാവ് വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസമാണ് യുവതി തനിക്കൊപ്പം കഴിഞ്ഞതെന്നും ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നും മറ്റൊരു പരാതിയിൽ പറയുന്നു. ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളെല്ലാമെടുത്താണ് യുവതി ഓടിപ്പോയെന്നാണ് മറ്റൊരാളുടെ പരാതി.

കള്ളപ്പേരിലാണ് യുവതി എല്ലാവരെയും കബളിപ്പിച്ചത്. അതേസമയം, തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റാണെന്നാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.ബുഡ്ഗാമിൽ മാത്രം ബ്രോക്കർമാരുടെ സഹായത്തോടെ 27 പുരുഷന്മാരെ കല്യാണം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ യുവതിയുടെ യഥാർഥപേരോ മറ്റ് വിവരങ്ങളോ ആർക്കും അറിയില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts