ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്തു; സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ
|ബംഗളൂരുവിലെ വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്.
ഓണ്‍ലൈനായി തേങ്ങ വാങ്ങാന്‍ ശ്രമിച്ച സ്ത്രീക്ക് 45,000 രൂപ നഷ്ടമായി. ബംഗളൂരുവിലെ വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. സൈബര്‍ ക്രൈം പൊലീസില്‍ പരാതി നൽകി.
വിമാനപുരയില്‍ പലചരക്കു കടയുള്ള സ്ത്രീ, കച്ചവടത്തിനായി കുറേ തേങ്ങകള്‍ ഒന്നിച്ചു വാങ്ങാനാണ് ശ്രമിച്ചത്. ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ മൈസൂരുവിലെ ആര്.എം.സി യാര്‍ഡിലെ മല്ലികാര്‍ജുന്‍ എന്നയാളുടെ നമ്പര്‍ കണ്ടു. ഈ നമ്പറില്‍ വിളിച്ച് കച്ചവടം ഉറപ്പിച്ചു. മുഴുവന്‍ പണവും മുന്‍കൂറായി അടയ്ക്കണമെന്ന് ഫോണില്‍ സംസാരിച്ചയാള്‍ ആവശ്യപ്പെട്ടു. 45,000 രൂപ സ്ത്രീ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. പറഞ്ഞ തിയ്യതി കഴിഞ്ഞിട്ടും തേങ്ങ എത്താതിരുന്നതോടെ സ്ത്രീ മൈസൂരുവിലെത്തി അന്വേഷിച്ചു. ആര്.എം.സി യാര്‍ഡില്‍ മല്ലികാര്‍ജുന്‍ എന്ന ആളില്ലെന്ന് വ്യക്തമായി.
വീണ്ടും അതേ നമ്പറില്‍ വിളിച്ചപ്പോൾ വ്യാപാര സ്ഥാപനം ആർ.എം.സി യാർഡിൽ അല്ലെന്നും പാണ്ഡവപുരയിലാണെന്നും മറുപടി ലഭിച്ചു. അവിടെ പോയി അന്വേഷിച്ചപ്പോഴും അങ്ങനെയൊരു ആളില്ലെന്ന് വ്യക്തമായി. കബിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതോടെ സ്ത്രീ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മല്ലികാര്‍ജുന്‍, മഹേഷ് എന്നീ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.