വിമാനത്തിൽ സഹയാത്രക്കാരുമായി അടി, ജീവനക്കാരനെ കടിച്ച് യുവതി; കേസ്
|വിമാനത്തിൽ നിന്നിറക്കാൻ ശ്രമിക്കവേ ജീവനക്കാരിലൊരാളുടെ കയ്യിൽ യുവതി കടിക്കുകയായിരുന്നു
ലഖ്നൗ: വിമാനത്തിലുണ്ടായ തർക്കത്തിൽ ഫ്ളൈറ്റ് ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്. ആഗ്ര സ്വദേശിനിയായ യുവതിക്കെതിരെയാണ് ലഖ്നൗ സരോജിനി നഗർ പൊലീസ് കേസെടുത്തത്.
ലഖ്നൗ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലഖ്നൗവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കാണ് യുവതിയെത്തിയത്. വിമാനത്തിൽ കയറിയതും ഇവർ പ്രകോപനമേതുമില്ലാതെ സഹയാത്രക്കാരോട് ചൂടാകാൻ തുടങ്ങി. ഫ്ളൈറ്റ് ജീവനക്കാരെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നിറക്കാൻ ശ്രമിക്കവേ ജീവനക്കാരിലൊരാളുടെ കയ്യിൽ ഇവർ കടിക്കുകയായിരുന്നു. സിഐഎസ്എഫ് എത്തിയാണ് പിന്നീട് ഇവരെ വിമാനത്തിൽ നിന്നിറക്കിയത്. തുടർന്ന് സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഐപിസി 324, 504 വകുപ്പുകൾ പ്രകാരം മനപ്പൂർവ്വം പരിക്കുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമാണ് യുവതിയെക്കെതിരെ കേസ്.
മുംബൈയിലുള്ള സഹോദരിയെ സന്ദർശിക്കാനാണ് യുവതി യാത്ര തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലെത്തിയത് മുതൽ ഇവർ അസ്വസ്ഥയായിരുന്നുവെന്നും സരോജിനി നഗർ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി കൂട്ടിച്ചേർക്കുന്നു.