India
Nagpur,crimenews

കൊല്ലപ്പെട്ട പുരുഷോത്തം പുത്തേവാർ,അറസ്റ്റിലായ മരുമകള്‍ അര്‍ച്ചന 

India

300 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കാറിടിച്ച് കൊലപ്പെടുത്തി; ക്വട്ടേഷൻ കൊടുത്തത് ഒരു കോടിക്ക്

Web Desk
|
13 Jun 2024 4:21 AM GMT

മരുമകളും ഭര്‍ത്താവിന്‍റെ ഡ്രൈവറുമടക്കം നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്

നാഗ്പൂർ: നാഗ്പൂരിൽ 300 കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ. 82 കാരനായ പുരുഷോത്തം പുത്തേവാർ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനാപകടമെന്ന് കരുതിയ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും ക്വട്ടേഷൻ നൽകിയത് മരുമകളാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന മനീഷ് പുത്തേവാറിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

ഭർതൃപിതാവിനെ കൊല്ലാൻ ഒരുകോടി രൂപക്കാണ് പ്രതി അർച്ചന ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അപകടമരണമാണെന്ന് വരുത്തിതീർക്കാനായി പഴയവാഹനം വാങ്ങാൻ വേണ്ടിയാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് പണം നൽകിയത്. അർച്ചനയുടെ ഭർത്താവിന്റെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് കൊലപാതകത്തിലെ മറ്റ് പ്രതികൾ. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കാറുകളും സ്വർണാഭരങ്ങളും മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയാണ് വാടകകൊലയാളികൾ പുരുഷോത്തം പുത്തേവാർ സഞ്ചരിച്ച വാഹനത്തെ ഇടിച്ച് അപകടമുണ്ടാക്കിയത്.ഇദ്ദേഹത്തിന്റെ മകനും അർച്ചനയുടെ ഭർത്താവുമായ മനീഷ് ഡോക്ടറാണ്.

കൊലപാതക കേസിന്റെ അന്വേഷണത്തിൽ, പ്രതിയായ അർച്ചന ജോലി ചെയ്തിരുന്ന ടൗൺ പ്ലാനിംഗ് വിഭാഗത്തിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.ഇവർക്കെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Tags :
Similar Posts