കേദാര്‍നാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ നോട്ടുകള്‍ വാരിവിതറി യുവതി; വിവാദം
|വെള്ള സാരി ധരിച്ച ഒരു സ്ത്രീ ശിവലിംഗത്തിലേക്ക് നോട്ടുകള്‍ വിതറുന്നതും മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം
കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളിലെ ശിവലിംഗത്തില്‍ നോട്ടുകള്‍ വാരിവിതറുന്ന സ്ത്രീയുടെ വീഡിയോ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വിവാദമാവുകയും ചെയ്തു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിനോട് ആവശ്യപ്പെട്ടു.
महादेव को पैसे से पसंद कर रही है ये तो बेलपत्र से भी पसंद हो जाते है#Kedarnath #Mahadev pic.twitter.com/ipTyjGGflD
— Gaurav Verma 🇮🇳 (@Garv_verma7) June 19, 2023
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കർശനമായി നിരോധിച്ച കേദാർനാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് തൊട്ടടുത്തു വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വെള്ള സാരി ധരിച്ച ഒരു സ്ത്രീ ശിവലിംഗത്തിലേക്ക് നോട്ടുകള്‍ വിതറുന്നതും മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം. സ്ത്രീയുടെ സമീപത്തായി ഒരു പുരുഷനെയും കാണാം. ക്ഷേത്രത്തിനുള്ളില്‍ ഒട്ടും ബഹുമാനമില്ലാതെയാണ് യുവതി പെരുമാറുന്നതും വിമര്‍ശകര്‍ പറയുന്നു. ഡാന്‍സ് ബാറിലോ വിവാഹച്ചടങ്ങിലോ പങ്കെടുക്കുന്നതുപോലെയാണ് യുവതിയുടെ പെരുമാറ്റമെന്നും വിമര്‍ശനമുണ്ട്.
വൈറൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം പ്രസിഡന്‍റ് അജേന്ദ്ര അജയ്, കർശന നടപടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ ഉടൻ നടപടിയെടുക്കാൻ അജയ് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും അഭ്യര്‍ഥിച്ചതായും വ്യക്തമാക്കി.