17,500 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖത്ത് പൊള്ളല്‍; ബ്യൂട്ടിപാര്‍ലറിനെതിരെ കേസ്
|യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പൊലീസ് കേസെടുത്തു
മുംബൈ: ഫേഷ്യല്‍ ചെയ്തതിനു ശേഷം മുഖത്തു പൊള്ളലേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറിനെതിരെ പരാതിയുമായി 23കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പൊലീസ് കേസെടുത്തു. ജൂണ്‍ 17ന് മുംബൈയിലാണ് സംഭവം.
അന്ധേരിയിലെ കാമധേനു ഷോപ്പിംഗ് സെന്‍ററിലെ ഗ്ലോ ലക്‌സ് സലൂണിൽ നിന്ന് 17,500 രൂപയുടെ ഹൈഡ്ര ഫേഷ്യൽ ചെയ്ത യുവതിക്കാണ് ഈ ദുര്യോഗം സംഭവിച്ചത്. ഫേഷ്യലിനു ശേഷം യുവതിയുടെ മുഖം പൊള്ളിപ്പോവുകയും ചര്‍മരോഗ വിദഗ്ധനെ സമീപിച്ചപ്പോള്‍ സ്ഥിരമായ ക്ഷതമേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജീവനക്കാർ ചില ക്രീമുകൾ മുഖത്ത് പുരട്ടിയതിന് തൊട്ടുപിന്നാലെ പൊള്ളല്‍ അനുഭവപ്പെട്ടുവെന്ന് യുവതി പറഞ്ഞു. നിലവാരമില്ലാത്ത ക്രീം ഉപയോഗിച്ചതാണ് പൊള്ളലിന് കാരണമായതെന്ന് അവര്‍ ആരോപിച്ചു.പൊള്ളല്‍ അനുഭവപ്പെട്ടപ്പോള്‍ ചില ക്രീമുകള്‍ തേച്ചാല്‍ ഇത്തരത്തിലുണ്ടാകുന്നത് സ്വഭാവികമാണെന്നായിരുന്നു പാര്‍ലര്‍ ജീവനക്കാരുടെ പ്രതികരണം. കൂടാതെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് സുഖപ്പെടുത്തുമെന്ന് അവർക്ക് ഉറപ്പ് നൽകി. എന്നാല്‍ മുഖത്ത് പാടുകള്‍ അവശേഷിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ബെംഗളൂരുവിലും സമാനസംഭവം നടന്നിരുന്നു.കർണാടകയിലെ ഹാസൻ ജില്ലയിലെ അരസിഗിര സ്വദേശിയായ യുവതിക്കാണ് മേക്കപ്പിട്ടത് പ്രശ്നമായത്. വധുവായി ഒരുങ്ങാന്‍ വീടിനു സമീപമുള്ള ഗംഗാശ്രീ ബ്യൂട്ടി പാർലറിലാണ് യുവതിയെത്തിയത്. വിവാഹത്തിന് 10 ദിവസം മുന്‍പാണ് യുവതി പാര്‍ലറിനെ സമീപിച്ചത്. പുതിയ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടീഷന്‍ യുവതിയോട് പറഞ്ഞു. ഇതുപ്രകാരം മേക്കപ്പിട്ടതാണ് വിനയായത്. മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ആവി കൊള്ളിച്ചതോടെ മുഖം പൊള്ളുകയും നീര് വയ്ക്കുകയുമായിരുന്നു. ഇത് കണ്ട് ഞെട്ടിയ വധു പരിഭ്രാന്തയായി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പുതിയ മേക്കപ്പ് കാരണം യുവതിയുടെ മുഖം മാറിപ്പോയതോടെ വരന്‍റെ വീട്ടുകാർ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു.