![Woman Tied To Tree, Burnt Alive By Sons, Daughter-In-Law In Tripura Woman Tied To Tree, Burnt Alive By Sons, Daughter-In-Law In Tripura](https://www.mediaoneonline.com/h-upload/2024/09/30/1444414-kola.webp)
അമ്മയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്ന് ആൺമക്കൾ
![](/images/authorplaceholder.jpg?type=1&v=2)
കുടുംബതർക്കമാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അഗർത്തല: അമ്മയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്ന് ആൺമക്കളും മരുമകളും. ത്രിപുര തലസ്ഥാനമായ അഗർത്തലയിലെ ചമ്പക്നഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 55കാരിയായ മിനാട്ടി ദേബ്നാഥ് ആണ് കൊല്ലപ്പെട്ടത്.
കുടുംബതർക്കമാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മിനാട്ടിയുടെ മക്കളായ രണബിർ ദേബ്നാഥ്, ബിപ്ലബ് ദേബ്നാഥ്, രണബിറിന്റെ ഭാര്യ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ മൂവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചമ്പക്നഗറിലെ വീടിനു പിന്നിലെ മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് ആൺമക്കളാണ് മിനാട്ടിക്കുള്ളത്. 2022ൽ ഭർത്താവ് മരിച്ച ഇവർ ഇളയ മക്കൾക്കൊപ്പം ചമ്പക്നഗറിലെ വീട്ടിലാണ് താമസം. മൂത്ത മകൻ അഗർത്തലയിലാണ് കഴിയുന്നത്.
കൊല്ലപ്പെട്ട സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതികളായ ആൺമക്കൾ സംശയിച്ചിരുന്നതായും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും നാട്ടുകാർ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു.