'ഇത് പഞ്ചാബാണ്, ഇന്ത്യയല്ല'; മുഖത്ത് ഇന്ത്യൻ പതാക വരച്ച പെൺകുട്ടിക്ക് സുവർണക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു
|സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ പതാക വരച്ചെത്തിയ പെൺകുട്ടിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സുവർണക്ഷേത്രത്തിലെ ജീവനക്കാരൻ പെൺകുട്ടിയോട് തർക്കിക്കുന്നതാണ് വീഡിയോയിലുള്ളത്. മുഖത്ത് വരച്ചത് ത്രിവർണപതാകയാണെന്ന് പറയുമ്പോൾ ഇത് ഇന്ത്യയല്ല, പഞ്ചാബാണ് എന്നും ജീവനക്കാരൻ പെൺകുട്ടിയോട് പറയുന്നതും വീഡിയോയിലുണ്ട്. സംഭവം വൻ വിവാദമായി.
ഇതിന് പിന്നാലെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാൾ സംഭവത്തിൽ വിശദീകരണവുമായെത്തി. 'ഇതൊരു സിഖ് ആരാധനാലയമാണ്. എല്ലാ മത സ്ഥലങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതെങ്കിലും തരത്തിൽ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. പെൺകുട്ടിയുടെ മുഖത്തെ പതാകയിൽ അശോക ചക്രം ഇല്ലായിരുന്നു. അതുകൊണ്ട് ഇത് ത്രിവർണ പതാകയല്ലെന്നും അത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പതാകയാകാം..' അദ്ദേഹം വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
സാധാരണയായി ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി അട്ടാരി-വാഗ അതിർത്തി സന്ദർശിക്കുന്ന അവരുടെ മുഖത്ത് ത്രിവർണ ചായം പൂശുകയും തുടർന്ന് സുവർണ്ണ ക്ഷേത്രം സന്ദർശിക്കുകയും ചെയ്യാറുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.