ഭൂമി എഴുതി നൽകണമെന്ന ആവശ്യം നിരസരിച്ചു; യുവതിയുടെ സ്തനങ്ങൾ അറുത്തുമാറ്റി ക്രൂരത
|യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാസ്വാൻ നോട്ടമിട്ടിരുന്നു. ഇത് തന്റെ പേരിൽ എഴുതിത്തരാൻ ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.
പട്ന: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയുടെ സ്തനങ്ങൾ അറുത്തുമാറ്റി ഗ്രാമത്തിലെ പ്രബലന്റെ നേതൃത്വത്തിലുള്ള സംഘം. വെള്ളിയാഴ്ച രാത്രി ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ തിയായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലിപൂർ ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ പ്രമുഖനായ ദയാനന്ദ് പാസ്വാനും സംഘവുമാണ് അതിക്രമം കാട്ടിയത്. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
“ഞങ്ങൾ ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ദയാനന്ദ് പാസ്വാനും സംഘത്തിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൊലപാതകശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രതികൾ ഒളിവിലാണ്. അവരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്”- എസ്എച്ച്ഒ പറഞ്ഞു.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാസ്വാൻ നോട്ടമിട്ടിരുന്നു. ഇത് തന്റെ പേരിൽ എഴുതിത്തരാൻ പാസ്വാൻ യുവതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ പകുതി ഭൂമിയെങ്കിലും എഴുതിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതും യുവതി നിരസിച്ചു. ഇതോടെയായിരുന്നു ആക്രമണം.
ആക്രമണത്തിന് ഇരയായ യുവതി ഗ്രാമത്തിൽ തനിച്ചായിരുന്നു താമസം. ഭർത്താവും മകനും ഇതര സംസ്ഥാനത്താണ് താമസിച്ചിരുന്നത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പാസ്വാനും സഹായികളും യുവതിയുടെ വീട് ആക്രമിക്കുകയും സ്തനങ്ങൾ വെട്ടിമാറ്റിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ യുവതിയെ ഭഗവാൻപൂർ ബ്ലോക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഡോക്ടർമാർ സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തു.