വിവാഹത്തിനു വിസമ്മതിച്ച പെണ്‍കുട്ടിയുടെ മുടി വെട്ടി മര്‍ദിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു
|തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 185 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം
മേദിനിനഗർ: വിവാഹത്തിനു വിസമ്മതിച്ച 19കാരിയുടെ മുടിവെട്ടി ഗ്രാമത്തിലൂടെ നടത്തിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഉത്തരവനുസരിച്ചാണ് പെണ്‍കുട്ടിയോട് ഈ ക്രൂരത ചെയ്തത്.തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 185 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.
മൂന്ന് പഞ്ചായത്ത് അംഗങ്ങളും യുവതിയുടെ ഭാര്യാസഹോദരിയും ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഠാൻ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഗുൽഷൻ ഗൗരവ് പറഞ്ഞു.പെണ്‍കുട്ടി മേദിനിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഏപ്രിൽ 20ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും വരൻ എത്തിയപ്പോൾ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. അതിനു ശേഷം അവളെ 20 ദിവസത്തേക്ക് കാണാതാവുകയും ഞായറാഴ്ച തിരിച്ചെത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി തിരികെയെത്തിയപ്പോള്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് വിളിച്ചുകൂട്ടുകയായിരുന്നു.
“പഞ്ചായത്ത് യുവതിയോട് എവിടെയാണ് പോയതെന്ന് ചോദിച്ചെങ്കിലും അവൾ മൗനം പാലിച്ചു. തുടർന്ന്, പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, അവളുടെ മുടി വെട്ടി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു'' പൊലീസ് വ്യക്തമാക്കി.