പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം: വീഡിയോകൾ പ്രചരിച്ചതോടെ വീട് വിട്ടിറങ്ങി ഇരയായ സ്ത്രീകളും കുടുംബവും
|ഇരകളായ സ്ത്രീകളുടെ ജീവിതത്തെ ഈ വീഡിയോകൾ ഏറെ ദുഷ്കരമായാണ് ബാധിച്ചതെന്ന് പരാതിക്കാരിൽ ഒരാളായ മുൻ ജില്ലാ പഞ്ചായത്ത് മെംബർ ചൂണ്ടിക്കാട്ടി.
ബെംഗളൂരു: കർണാടകയിലെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വീടുകളിൽ നിന്ന് പലായനം ചെയ്തു തുടങ്ങി ഇരകളായ സ്ത്രീകളും കുടുംബം. വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതോടെ സ്വകാര്യത വെളിപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ പത്ത് ദിവസമായി സ്ത്രീകൾ വീടുവിട്ട് മറ്റിടങ്ങളിലേക്ക് പോവാൻ തുടങ്ങിയത്.
പ്രജ്വലിനെതിരായ ആദ്യ എഫ്ഐആറിലെ പരാതിക്കാരിയായ യുവതിയും കുടുംബവും ഇതിനോടകം താമസസ്ഥലം വിട്ടുപോയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. “സ്ത്രീകളുടെ മുഖം വെളിപ്പെടുത്തിയത് തെറ്റാണ്. അവരിൽ ചിലരെ എനിക്കറിയാം. അവരൊക്കെ വീടുവിട്ടു പോയി. അവർ മടങ്ങിവരുമോ എന്ന് ഞങ്ങൾക്ക് അറിയില്ല”- വീഡിയോ പ്രചരിക്കുന്നതിനെ കുറിച്ച് ഒരു കടയുടമ പറഞ്ഞു.
ഇരകളായ സ്ത്രീകളുടെ ജീവിതത്തെ ഈ വീഡിയോകൾ ഏറെ ദുഷ്കരമായാണ് ബാധിച്ചതെന്ന് മുൻ ജില്ലാ പഞ്ചായത്ത് മെംബറും ചൂണ്ടിക്കാട്ടി. ഇവരും പ്രജ്വലിനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്തിട്ടുണ്ട്. “പാർട്ടി പ്രവർത്തകരായ പല സ്ത്രീകളും പ്രജ്വലിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്യുകയാണ്. എം.പിയുമായുള്ള ബന്ധത്തെക്കുറിച്ച് ചില പുരുഷന്മാർ അവരുടെ ഭാര്യമാരെ ചോദ്യം ചെയ്യുകയാണ്. സംഭവം ജില്ലയിലെ നിരവധി സ്ത്രീകളുടെ ജീവിതമാണ് തകർത്തത്- മറ്റൊരു യുവതി പറഞ്ഞു.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ കുടുംബത്തെ കാണാനില്ലെന്ന് ഒരു പ്രാദേശിക നേതാവ് ചൂണ്ടിക്കാട്ടി. എൻ.ഡി.എ സ്ഥാനാർഥിയും ജെഡിഎസ്എം.പിയുമായ പ്രജ്വൽ രേവണ്ണ, പിതാവും മുൻ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണ എന്നിവർ പ്രതികളായ ലൈംഗികാതിക്രമക്കേസ് നിലവിൽ എസ്ഐടി അന്വേഷണത്തിലാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ രേവണ്ണ എസ്ഐടി കസ്റ്റഡിയിലാണ്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രജ്വലിനെതിരെ പരാതിയുമായി ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയും രംഗത്തെത്തിയിരുന്നു. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നാണ് വനിതാ നേതാവിന്‍റെ പരാതി. മൂന്നു വർഷത്തോളം പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു. 2021ൽ ഹാസൻ നഗരത്തിലെ തൻ്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തതായാണ് 44 കാരിയുടെ പരാതി.
സഹകരിച്ചില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് പ്രജ്വല്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും 2021 ജനുവരി ഒന്നിനും 2024 ഏപ്രിൽ 25നും ഇടയിൽ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി പരാതിലുണ്ട്.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എച്ച്.ഡി രേവണ്ണക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രേവണ്ണയുടെ വീട്ടിൽ ആറു വർഷം ജോലിക്കാരിയായി ജോലി ചെയ്തയാളെയാണ് കാണാതെന്നാണ് പരാതി.
അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട് രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രജ്വൽ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയാണ് എസ്‌ഐടി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് എൻ.ഡി.എ സഖ്യത്തെയും ജെ.ഡി.എസിനെയും പ്രതിരോധത്തിലാക്കി സെക്‌സ് ടേപ്പ് വിവാദം തലപൊക്കുന്നത്. ജെ.ഡി.എസ് ആചാര്യൻ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവും ഹോലെനാർസിപുര എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
വീട്ടുജോലിക്കാരികളും സർക്കാർ ജീവനക്കാരികളും ഉൾപ്പെടെ നിരവധി പേരെ ഇവർ ബലപ്രയോഗത്തിലൂടെ നിരന്തരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നാണു പരാതി ഉയർന്നത്. ലൈംഗികകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ബ്ലാക്ക് മെയിൽ ചെയ്തു നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തെന്നും പരാതിയുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്.
സംഭവത്തില്‍ ഹോളനർസിപുര പൊലീസാണ് പ്രജ്വലിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയും വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിയായ യുവതി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.