ഭർത്താവിന്റെ പീഡനം; യുവതി ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യചെയ്തു
|ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ പീഡന ആരോപണത്തിൽ പൊലീസ് കേസെടുത്തു
ഹൈദരബാദ്: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഹൈദരബാദ് സ്വദേശിയായ യുവതി ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ ചെയ്തു. 32 കാരി സനയാണ് മരിച്ചത്. സനയോട് ഭർത്താവ് മോശമായി പെരുമാറിയെന്നും അയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
സനയുടെ സഹോദരൻ പറഞ്ഞതനുസരിച്ച് അഞ്ച് വർഷം മുമ്പാണ് സന സഹപാഠിയായ ഹേമന്തിനെ വിവാഹം ചെയ്യുന്നത്. ഇതിന് ശേഷം ഹമന്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. സന ഡൽഹിയിലെ വിമാനകമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ഹേമന്ത് ഇപ്പോൾ അബിഡ്സ് കൊമേഴ്സ്യൽ സെന്ററിൽ ഡിസ്ക് ജോക്കി (ഡി.ജെ) ആയാണ് ജോലി ചെയ്യുന്നത്. ഡി.ജെ ആയിട്ടുള്ള മറ്റൊരു സ്ത്രീയുമായി ഹേമന്ത് വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സനയുടെ സഹോദരൻ കൂട്ടിചേർത്തു.
ഹേമന്തിനും രക്ഷിതാക്കൾക്കുമെതിരെ പീഡന ആരോപണത്തിൽ പൊലീസ് കേസെടുത്തു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചുവെന്നും തുടരന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.