India
Rai folk dancers

ആദിവാസി നര്‍ത്തകര്‍ക്ക് പരിശോധന നടത്തുന്നു

India

ക്ഷേത്രത്തിലെ നൃത്താവതരണത്തിനു മുന്നോടിയായി ആദിവാസി നര്‍ത്തകര്‍ക്ക് എച്ച്ഐവി പരിശോധന; വിവാദം

Web Desk
|
14 March 2023 6:45 AM GMT

ആചാരത്തിന്‍റെ ഭാഗമായി നൃത്തം ചെയ്യാൻ ക്ഷണിക്കപ്പെട്ട പരമ്പരാഗത ബേഡിയ ആദിവാസി നർത്തകരെയാണ് ആരോഗ്യവകുപ്പ് ഞായറാഴ്ച പരിശോധന നടത്തിയത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ മേളയില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി ആദിവാസി നര്‍ത്തകരെ എച്ച്ഐവി പരിശോധനക്ക് വിധേയരാക്കിയത് വിവാദമായി.ക്ഷേത്രത്തില്‍ നടക്കുന്ന കരീല മേളയില്‍ ആചാരത്തിന്‍റെ ഭാഗമായി നൃത്തം ചെയ്യാൻ ക്ഷണിക്കപ്പെട്ട പരമ്പരാഗത ബേഡിയ ആദിവാസി നർത്തകരെയാണ് ആരോഗ്യവകുപ്പ് ഞായറാഴ്ച പരിശോധന നടത്തിയത്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള അശോക് നഗറിലെ കരീല പ്രദേശത്ത് എല്ലാ വർഷവും രംഗ് പഞ്ചമിയോട് അനുബന്ധിച്ചാണ് മൂന്നു ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. സീതയുടെയും രാമന്‍റെയും മക്കളായ ലവയും കുശനും കരീലധാമിലാണ് ജനിച്ചതെന്നാണ് ഐതിഹ്യം. ഒരാളുടെ ആഗ്രഹം സഫലമാകുമ്പോൾ, ബേഡിയ നര്‍ത്തകരെ കൊണ്ട് റായി നൃത്തം അവതരിപ്പിക്കുകയാണ് പതിവ്.വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ബേഡിയ സമുദായക്കാര്‍.

ഈ വർഷം 20 ലക്ഷത്തിലധികം പേർ മേള സന്ദർശിച്ചതായി നടത്തിപ്പുകാര്‍ പറയുന്നു. എച്ച്‌ഐവി പരിശോധന നടത്തിയെന്ന ആരോപണം സംഘാടകരെയും ഭക്തരെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. "10,000-ത്തിലധികം നർത്തകർ ഇവിടെ ഉണ്ടായിരുന്നു.അവരിൽ 20-ൽ താഴെ മാത്രമേ പരിശോധനകൾക്ക് വിധേയരായിട്ടുള്ളൂ, മേളയ്ക്ക് ചീത്തപ്പേര് നൽകുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഇത് ഭക്തിയുടെ ഇടമാണ്'' മേള കമ്മിറ്റി ചെയർമാൻ മഹേന്ദ്ര സിംഗ് യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ''പരിശോധനയ്ക്ക് വിധേയരായ നർത്തകികളോട് എച്ച്ഐവി പരിശോധന നടത്തുന്നുവെന്ന് പറഞ്ഞിട്ടില്ല. പകരം 'രജിസ്‌ട്രേഷൻ' എന്ന പേരിൽ താല്‍ക്കാലികമായി സജ്ജീകരിച്ച ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കമ്മിറ്റിയോ മറ്റാരോ അത്തരം പരിശോധനകൾ ആവശ്യപ്പെട്ടിട്ടില്ല'' യാദവ് കൂട്ടിച്ചേര്‍ത്തു.

ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അശോക്‌നഗർ ജില്ലാ കലക്ടർ ഉമാ മഹേശ്വരി ആർ. ഉത്തരവിട്ടിട്ടുണ്ട്.തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് റായി നർത്തകരായ സ്ത്രീകളെ ആരോഗ്യവകുപ്പ് ജീവനക്കാർ എച്ച്ഐവി/എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്-ബി അണുബാധയുണ്ടോ എന്ന പരിശോധിക്കുന്നത്.

Similar Posts