ഞങ്ങളുടെ സര്‍ക്കാര്‍ പൊലീസിലെ കാവിവൽക്കരണം അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ
|സദാചാര പൊലീസിങ്ങിനെതിരെ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അതേ യോഗത്തിൽ പൊലീസിന് നിർദേശം നൽകി
ബെംഗളൂരു: പൊലീസിലെ കാവിവല്‍ക്കരണം തന്‍റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ശിവകുമാറിന്‍റെ താക്കീത്. മുൻ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് ശിവകുമാറിന്‍റെ വിമര്‍ശനമെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.
"നിങ്ങൾ പൊലീസ് ഡിപ്പാര്‍ട്മെന്‍റിനെ കാവിവൽക്കരിക്കാൻ പോവുകയാണോ? ഇത് നമ്മുടെ സർക്കാർ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവർത്തിക്കണം''- ഡി.കെ ശിവകുമാർ പറഞ്ഞു.
രാജ്യത്തുടനീളം കർണാടക പൊലീസ് ഡിപ്പാർട്ട്‌മെന്റിന് നല്ല പേരുണ്ടായിരുന്നുവെന്നും ആ പ്രശസ്തി നിങ്ങൾ നശിപ്പിച്ചെന്നും ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു. എവിടെ നോക്കിയാലും അഴിമതിയാണ്. ബി.ജെ.പി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ പൊലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
മനോഭാവം മാറ്റണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ഡി.കെ പറഞ്ഞു- ''ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പൊലീസ് വകുപ്പിൽ നിന്നു തന്നെ ആരംഭിക്കണം. ഈ സർക്കാരിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തണം. നിങ്ങളുടെ മുൻകാല പെരുമാറ്റം ഞങ്ങളുടെ സർക്കാരിൽ പാടില്ല"- ഡി.കെ ശിവകുമാർ പറഞ്ഞു.
അതേസമയം സദാചാര പൊലീസിങ്ങിനെതിരെ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അതേ യോഗത്തിൽ പൊലീസിന് നിർദേശം നൽകി. ഒരു സദാചാര പൊലീസിങ്ങും വെച്ചുപൊറുപ്പിക്കരുതെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Summary- At a high level meeting with top police officers, D K Shivakumar pointed to a few incidents under the previous BJP regime in Karnataka and said the new Congress government will not allow saffronisation of the police department.