'തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാജ വോട്ടിങ് തടയുന്നത് വരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല': മായാവതി
|ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടി ഒമ്പത് സീറ്റുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയം നേടാനായില്ല
ലഖ്നോ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. വ്യാജ വോട്ടിങ് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതുവരെ തൻ്റെ പാർട്ടി ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്നും മായാവതി പറഞ്ഞു. ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 20ന് നടന്നിരുന്നു. ഫലം ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ബഹുജൻ സമാജ് പാർട്ടി ഒമ്പത് സീറ്റുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയം നേടാനായില്ല.
'ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വ്യാപകമായ ചർച്ചകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പുകളിൽ, പലപ്പോഴും വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി ആളുകൾക്കിടയിൽ പൊതുധാരണയുണ്ട്. ഇപ്പോൾ, സമാനമായ രീതിയിൽ ഇവിഎം ഉപയോഗിച്ചും ഇത്തരം പ്രവർത്തികൾ നടക്കുന്നു. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖവും ഉത്കണ്ഠയും ഉളവാക്കുന്ന കാര്യമാണ്.'- മായാവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ഈയിടെ നടന്ന ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ നാം ഇതിന് സാക്ഷ്യം വഹിച്ചു. മഹാരാഷ്ട്രയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലും സമാനമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിനുള്ള അപായ മണിയാണെന്നും' അവർ പറഞ്ഞു.
'ഈ സാഹചര്യം കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാജ വോട്ടിങ് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നത് വരെ ഞങ്ങളുടെ പാർട്ടി രാജ്യത്തുടനീളമുള്ള ഒരു ഉപതെരഞ്ഞെടുപ്പിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് ഉത്തർപ്രദേശിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല.'- മായാവതി പറഞ്ഞു.
'പൊതു തെരഞ്ഞെടുപ്പിൽ, അധികാരത്തിലുള്ള പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പില്ല. ഈ ഭയം സർക്കാർ സംവിധാനത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നു,'- അവർ കൂട്ടിച്ചേർത്തു.
യുപിയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ ആർഎൽഡിയും ചേർന്ന് ഏഴ് സീറ്റുകൾ നേടി. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾ രണ്ടിടത്ത് വിജയിച്ചു.