ഒരിക്കൽ വഞ്ചിക്കപ്പെട്ടതാണ്; ഒരു പള്ളിയും ഇനി വിട്ടുകൊടുക്കില്ല-അസദുദ്ദീൻ ഉവൈസി
|''ഡിസംബർ ആറ് ആവർത്തിക്കാനാണു മറുവിഭാഗം നോക്കുന്നതെങ്കിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്ക് കാണാം. നിയമപരമായി നേരിട്ടോളാം. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയിൽ കാണിച്ചോളാം.''
ഹൈദരാബാദ്: ഗ്യാൻവാപി, മഥുര പള്ളികളെച്ചൊല്ലി നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. കഴിഞ്ഞതു കഴിഞ്ഞെന്നും, ഇനി ഒറ്റ പള്ളിയും മുസ്്ലിംകൾ വിട്ടുകൊടുക്കില്ലെന്നും ഉവൈസി വ്യക്തമാക്കി. കോടതിയിൽ നിയമപോരാട്ടം നടത്തമെന്നും അദ്ദേഹം അറിയിച്ചു.
'മതി. ഇനി ഒരു പള്ളിയും ഞങ്ങൾ വിട്ടുകൊടുക്കുന്നില്ല. ഞങ്ങൾ കോടതിയിൽ പോരാടിക്കൊള്ളാം. മറുവിഭാഗം ഡിസംബർ ആറ് ആവർത്തിക്കാനാണു നോക്കുന്നതെങ്കിൽ നമുക്കുകാണാം, എന്താണു സംഭവിക്കാൻ പോകുന്നതെന്ന്. ഒരിക്കൽ വഞ്ചിക്കപ്പെട്ടതാണ്. ഇനിയും വഞ്ചനയ്ക്കിരയാകാനില്ല.'-ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ഉവൈസി വ്യക്തമാക്കി.
ഗ്യാൻവാപി വിഷയത്തിൽ അനുരഞ്ജനത്തിനുള്ള സാധ്യകളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. ഇതിവിടെ അവസാനിക്കാൻ പോകുന്നില്ലെന്നു താൻ വ്യക്തമാക്കുകയാണ്. നിയമപരമായി ഞങ്ങൾ പോരാടും. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയിൽ കാണിച്ചോളാം. ഗ്യാൻവാപിയിൽ ഞങ്ങൾ നമസ്കാരം തുടർന്നുവരുന്നതാണ്. ബാബരി മസ്ജിദ് കേസിൽ അവിടെ നമസ്കാരമൊന്നും നടക്കുന്നില്ലെന്നായിരുന്നല്ലോ വാദം. എന്നാൽ, ഇവിടെ നിരന്തരമായി പ്രാർത്ഥന നടക്കുന്നുണ്ട്. 1993 തൊട്ട് ഒരു പൂജയും അവിടെ നടന്നിട്ടില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഗ്യാൻവാപി പള്ളിക്കു താഴെ ഹിന്ദു നിർമിതികൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''നാളെ രാഷ്ട്രപതി ഭവന്റെ താഴെ കുഴിച്ചുനോക്കിയാൽ എന്തെങ്കിലും കിട്ടും. നൂറുവർഷക്കാലമായി നമസ്കാരം നടന്നുവരുന്ന സ്ഥലമാണിത്.''
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ മുസ്ലിംകൾക്ക് ഇനി ഒരു പ്രതീക്ഷയുമില്ലെന്നും ഉവൈസി സൂചിപ്പിച്ചു. പാർലമെന്റിൽ പറഞ്ഞ കാര്യമാണ്. ഇവിടെയും ആവർത്തിക്കുകയാണ്. ഒരു പ്രത്യേക വിഭാഗക്കാർക്കു മാത്രമായാണ് പ്രധാനമന്ത്രി തന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതെന്നും അസദുദ്ദീൻ ഉവൈസി കൂട്ടിച്ചേർത്തു.
ഗ്യാൻവാപി, മഥുര പള്ളികൾ മുസ്ലിംകൾ വിട്ടുനൽകിയാൽ ഇനിയൊരു പള്ളിക്കു പിന്നാലെയും ഹിന്ദുക്കൾ വരില്ലെന്ന് നേരത്തെ രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്ദേവ് ഗിരി മഹാരാജ് വാദിച്ചിരുന്നു. മൂന്ന് ക്ഷേത്രങ്ങൾ വിട്ടുകിട്ടിയാൽ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. അയോധ്യ, ഗ്യാൻവാപി, കൃഷ്ണ ജന്മഭൂമി ക്ഷേത്രങ്ങൾ സമാധാനപരമായി ലഭിച്ചാൽ, മറ്റെല്ലാം തങ്ങൾ മറക്കുമെന്നും ഗോവിന്ദ്ദേവ് അവകാശപ്പെട്ടിരുന്നു.
Summary: 'Won't give any masjid, enough': Asaduddin Owaisi on Gyanvapi mosque row