നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല-സിദ്ധരാമയ്യ
|ശിവമോഗയിലെ രാഗി ഗുഡ്ഡയിൽ നടന്ന നബിദിന ഘോഷയാത്രയ്ക്കു നേരെയാണു കല്ലേറുണ്ടായത്
ബംഗളൂരു: നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവമോഗയിൽ നബിദിന ഘോഷയാത്രകൾക്കുനേരെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''അക്രമങ്ങളിൽ ഉത്തരവാദികളും കല്ലെറിഞ്ഞവരുമായ 40ലേറെ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളും. ഒരു മതകീയ യാത്ര നടക്കുമ്പോൾ അതിനെതിരെ കല്ലെറിയുന്നത് നിയമത്തിനെതിരെയാണ്.''-സിദ്ധരാമയ്യ പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ല. അവരെയെല്ലാം അടക്കിനിർത്തും. ശിവമോഗ ഇപ്പോൾ പൂർണമായും സാധാരണനിലയിലെത്തിയിട്ടുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം പൊലീസ് ചെയ്തിട്ടുണ്ട്. ശിവമോഗയിൽ സമാധാനം നിലനിർത്താനുള്ള സാധ്യമായ നടപടികളെല്ലാം സർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശിവമോഗയിലെ രാഗി ഗുഡ്ഡയിൽ നബിദിന ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത്. പൊലീസിനുനേരെയും ആക്രമണമുണ്ടായി. ലാത്തിപ്രയോഗത്തിലൂടെയാണ് പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തെ തുടർന്ന് ശിവമോഗയിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഡിസ്ട്രിക്ട് ആംഡ് റിസർവിലെ 12 വിഭാഗങ്ങളെയും റാപിഡ് ആക്ഷൻ ഫോഴ്‌സിലെ രണ്ടു വിഭാഗത്തെയും കർണാടക സ്‌റ്റേറ്റ് റിസർവ് പൊലീസിലെ രണ്ടു വിഭാഗത്തെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ 2,500 പൊലീസുകാരും സുരക്ഷാചുമതലയിലുണ്ട്.
Summary: ''More than 40 held, won’t tolerate stone pelting on religious procession'': says Siddaramaiah in Eid Milad violence