'മുസ്‌ലിംകൾക്കും യാദവർക്കും വേണ്ടി പ്രവർത്തിക്കില്ല; അവർ തനിക്ക് വോട്ട് ചെയ്തില്ല': വിവാദ പ്രസ്താവനയുമായി ജെഡിയു എം.പി
|തന്നെ കാണാന്‍ വരുന്ന മുസ്‌ലിംകൾക്കും യാദവ വിഭാഗത്തിൽ നിന്നുള്ളവർക്കും ചായയും ലഘു ഭക്ഷണവും കഴിച്ച് പോകാം. പക്ഷെ ഒരു സഹായവും പ്രതീക്ഷിക്കരുത് എന്നാണ് ദേവേഷ് പറയുന്നത്
ന്യൂഡൽഹി: തനിക്ക് വോട്ട് ചെയ്യാത്തതിനാൽ മുസ്‌ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിഹാറിൽ നിന്നുള്ള ജെ.ഡി.യു എം.പി ദേവേഷ് ചന്ദ്ര താക്കൂർ. ബിഹാറിലെ സീതാമർഹി ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എം.പിയായ ദേവേഷ് ഇത്തവണ 51,000 വോട്ടുകൾക്കാണ് ജയിച്ചത്.
ഇരു വിഭാഗങ്ങളോടുമുള്ള വിദ്വേഷം വ്യക്തമാക്കി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തന്നെ കാണാൻ മുസ്‌ലിംകൾക്കും യാദവ വിഭാഗത്തിൽ നിന്നുള്ളവർക്കും വരാം. എന്നാൽ വന്നവർക്ക് ചായയും ലഘു ഭക്ഷണവും കഴിച്ച് പോകാം. പക്ഷെ ഒരു സഹായവും പ്രതീക്ഷിക്കരുത് എന്നാണ് ദേവേഷ് പറയുന്നത്. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഒരാൾ തന്നെ ചില ആവശ്യങ്ങൾ പറഞ്ഞ് കാണാൻ വന്നിരുന്നു. എന്നാൽ അയാളോട് ഞാൻ വ്യക്തമായി ഇക്കാര്യം പറഞ്ഞു. ആദ്യമായി വന്ന ആളായതിനാൽ കൂടുതലൊന്നും പറഞ്ഞില്ല. താൻ ആർ.ജെ.ഡിക്കല്ലേ വോട്ട് ചെയ്തതെന്ന് ഞാൻ അയാളോട് ചോദിച്ചു. അയാൾ അതെയെന്ന് മറുപടി നൽകി. അയാളോട് ചായ കുടിച്ച് പോകാനും തനിക്ക് സഹായം ചെയ്യാൻ ആവില്ലെന്ന് പറഞ്ഞയച്ചെന്നും താക്കൂർ പറഞ്ഞു. എം.പിയുടെ പ്രസ്താവനയെ കടന്നാക്രമിച്ച് ആർ.ജെ.ഡി രംഗത്തെത്തി.