പ്രചാരണത്തിനായി ലോകകപ്പ് വിജയചിത്രം ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ പരാതിയുമായി കോൺഗ്രസ്
|സച്ചിൻ ചിത്രത്തിലുള്ളത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കോൺഗ്രസ്
പശ്ചിമ ബംഗാൾ: മുൻ ക്രിക്കറ്റ് താരവും തൃണമുൽ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ യൂസഫ് പത്താനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസ്.
പ്രചാരണത്തിനായ് പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തൃണമുൽ കോൺഗ്രസിന്റെ ബഹ്‌രാംപൂർ മണ്ഡലം സ്ഥാനാർഥിയാണ് യൂസഫ് പത്താൻ.
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പത്താൻ ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പറയുന്നു. പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഭാരതരത്‌ന ജേതാവായ സച്ചിനുൾപ്പടെ ചിത്രത്തിലുള്ളതിനാലും ചിത്രം ഇന്ത്യൻ ടീമീന്റേതായതിനാലും ഇത് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ബഹ്‌രാംപൂറിൽ നിന്നും തുടർച്ചയായി അഞ്ച് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ അധീർ രജ്ഞൻ ചൗധരിയാണ് യൂസഫ് പത്താന്റെ എതിരാളി.
സംഭവത്തിനെതിരെ പ്രതികരണവുമായി യൂസഫ് പത്താനും രംഗത്തെത്തി. താൻ കൂടി കഠിനാധ്വാനം ചെയ്ത് നേടിയ കപ്പാണ്, ഈ വലിയ നേട്ടം അധികം ആളുകൾക്കില്ല, തന്റെ വിജയം പ്രചാരണത്തിനുപയോഗിക്കുന്നത് തെറ്റായി കരുതുന്നില്ല. അഥവാ തെറ്റുകളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് പരിശോധിക്കട്ടെയെന്നും താൻ അത് നിയമപരമായി നേരിടുമെന്നും പത്താൻ കൂട്ടിച്ചേർത്തു.