"എന്റെ ശരീരമേ ഇവിടെയുള്ളൂ, മനസ് ഇന്ത്യയിലാണ്"; കേന്ദ്രമന്ത്രി നമീബിയയിൽ
|കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഞായറാഴ്ചയാണ് നമീബിയൻ തലസ്ഥാനമായ വിൻഡ്‌ഹോക്കിലെത്തിയത്. നമീബിയയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ഡൽഹി: ഒഡീഷയിലുണ്ടായ ഭയാനകമായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ വിവിധ നേതാക്കൾ പിന്തുണ അറിയിച്ചുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകം ഇന്ത്യയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നത്തിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. നമീബിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമീബിയയിൽ നിന്നടക്കം ലോകമെമ്പാടുമുള്ള നിരവധി നേതാക്കളും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കും പ്രധാനമന്ത്രിക്കും നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ഇന്നത്തെ ലോകം എത്രമാത്രം ആഗോളവൽക്കരിക്കപ്പെട്ടിരിക്കുന്നു, ലോകം ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്"; മന്ത്രി പറഞ്ഞു.
ഒരു ദുരന്തമുണ്ടായപ്പോൾ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു. തന്റെ ശരീരം മാത്രമാണ് ഇവിടെയുള്ളതെന്നും മനസ്സ് ഇന്ത്യക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ജയശങ്കർ ഞായറാഴ്ചയാണ് നമീബിയൻ തലസ്ഥാനമായ വിൻഡ്‌ഹോക്കിലെത്തിയത്. നമീബിയയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
വെള്ളിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ഒഡീഷയിലെ ബാലസോറിൽ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 275 പേർ കൊല്ലപ്പെടുകയും 1,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.