യു.പിയിൽ അധ്യാപികയുടെ വിദ്വേഷ നടപടിക്കിരയായ കുട്ടിയെയും കുടുംബത്തേയും സന്ദർശിച്ച് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ
|സംഘം കുട്ടിയെയും പിതാവ് മുഹമ്മദ് ഇർഷാദിനേയും ആശ്വസിപ്പിക്കുകയും എല്ലാത്തരം സഹായവും ഉറപ്പുനൽകുകയും ചെയ്തു.
മുസഫർനഗർ: യു.പിയിൽ സഹവിദ്യാർഥികളെ കൊണ്ട് അധ്യാപിക തല്ലിച്ച വിദ്യാർഥിയെയും കുടുംബത്തെയും സന്ദർശിച്ച് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷനും സംഘവും. അധ്യാപികയുടെ വിദ്വേഷ നടപടിക്കിരയായ വിദ്യാർഥിയുടെ ഖുബ്ബപൂരിലെ വീട്ടിലെത്തിയ ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെയും പിതാവ് മുഹമ്മദ് ഇർഷാദിനേയും ആശ്വസിപ്പിക്കുകയും എല്ലാത്തരം സഹായവും ഉറപ്പുനൽകുകയും ചെയ്തു.
വളരെ ദരിദ്ര കുടുംബമാണ് ഇർഷാദിന്റേതെന്നും മൂന്ന് കുട്ടികളാണ് അദ്ദേഹത്തിനെന്നും നേതാക്കൾ പറഞ്ഞു. സംഭവിച്ച കാര്യങ്ങളെല്ലാം നേതാക്കളോട് ഇർഷാദ് വിശദീകരിച്ചു. അധ്യാപിക സ്ഥിരമായി മുസ്‌ലിം വിദ്യാർഥികളെ ലക്ഷ്യമിടുന്നതായും ഇത്തവണ തന്റെ മകൻ ആകെ തകർന്നു പോയതായും ഇതുവരെ അവൻ അതിന്റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ലെന്നും പിതാവ് പറഞ്ഞു.
കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകിയ ദേശീയ അധ്യക്ഷൻ, ആവശ്യമുള്ളപ്പോഴെല്ലാം പാർട്ടി പിന്തുണ തുടരുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് മുഹമ്മദ് ആസിം, വെൽഫെയർ പാർട്ടി മീററ്റ് ജില്ലാ പ്രസിഡന്റ് അതീഖുർ റഹ്മാൻ, ആദർശ് യുവ മഞ്ച് സംസ്ഥാന പ്രസിഡന്റ് ഡോ. സുബൈർ അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ്, മുഹമ്മദ് ഷഫീഖ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.