India
wrestlers breaks down after police atrocity jantar mantar delhi
India

'ഇതിനാണോ ഞങ്ങള്‍ രാജ്യത്തിനായി മെഡല്‍ നേടിയത്? ആ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കൂ': പൊട്ടിക്കരഞ്ഞ് ഗുസ്തി താരങ്ങള്‍

Web Desk
|
4 May 2023 1:52 AM GMT

കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു

ഡൽഹി: ജന്ദര്‍മന്തറിലെ സമര വേദിയിലെ പൊലീസ് അതിക്രമത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങള്‍. മദ്യപിച്ചെത്തിയ പൊലീസ് മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്ന് സമരക്കാര്‍ പറയുന്നു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.

"ഇതൊക്കെ കാണാനാണോ ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയത്? പൊലീസ് ക്രിമിനലുകളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. എന്നെ പുരുഷ പൊലീസുകാർ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ വനിതാ പൊലീസുകാര്‍ എവിടെയായിരുന്നു?"- വിനേഷ് ഫോഗട്ട് ചോദിച്ചു.

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്‌രംഗ് പുനിയ പറഞ്ഞതിങ്ങനെ- "എന്റെ എല്ലാ മെഡലുകളും തിരികെ എടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. രാജ്യത്തിന്‍റെ മുഴുവന്‍ പിന്തുണ സമരത്തിനു വേണം. എല്ലാവരും ഡല്‍ഹിയിലേക്ക് വരൂ".

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ആം ദിവസത്തിലെത്തി.

ഇന്നലെ രാത്രി 11.30നാണ് പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘർഷമുണ്ടായത്. മദ്യപിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും സമരമാവസാനിപ്പിക്കാൻ അവശ്യപ്പെടുകയും ചെയ്തെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ഇത് ഗുസ്തി താരങ്ങൾ ചോദ്യംചെയ്തതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു.

ബ്രിജ്ഭൂഷനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് താരങ്ങൾ സുപ്രിംകോടതിയിൽ അറിയിച്ചു. ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ കയ്യിലുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നല്‍കി. കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് താരങ്ങൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Summary- Did We Win Medals To See Such Days- Wrestlers asks after police atrocity at protest venue in Jantar Mantar Delhi.





Similar Posts